ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബിജെപി നേതാവും ലോക്സഭാ എംപിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രക്ഷോത്തെത്തുടർന്ന് കഴിഞ്ഞ ജൂലൈ 25നായിരുന്നു പ്രധാന്റെ രാജി. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബിജെപി എംപിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.
ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബിജെപി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും എൻഡിഎയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.