ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ നസിയ ഖാനം (30) ആണ് മരിച്ചത്. മൂന്ന് മാസം ഗർഭിണിയായ നസിയയെ ഡൽഹി ദ്വാരകയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അസം അലി ഖാൻ ആണ് നസിയയുടെ ഭർത്താവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ ഭർത്താവും ഭർതൃമാതാവായ സമീം നിഷയും ഭർതൃപിതാവായ ബാബർ അലി ഖാനും നിരന്തരം മർദ്ദിച്ചിരുന്നതായും അധിക്ഷേപിച്ചിരുന്നതായും പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നസീമ പറഞ്ഞിട്ടുള്ളതായി കുടുംബം ആരോപിക്കുന്നു.
ഓഗസ്റ്റ് 21ന് പുലർച്ചെ നാല് മണിയോടെ നസിയ ജീവനൊടുക്കിയെന്ന് അസം അലിയുടെ വീട്ടുകാർ വിളിച്ചറിയിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. മകളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്നാരോപിച്ച നസിയയുടെ പിതാവ് തവാബ് ഖാൻ, അസം അലിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ നസിയ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നുവെന്നുമാണ് അസം അലി പൊലീസിന് മൊഴി നൽകിയത്. പിന്നീട് മുറി ബലമായി തുറന്ന് അകത്തുകയറിയപ്പോൾ നസിയ ജനലിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും കുടുംബത്തിന്റെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.