ചെറിയൊരു സ്റ്റിക്കി നോട്ടിൽ എത്ര വാക്കുകൾ എഴുതാനാകും? സാധാരണയായി കുറച്ച് വാക്കുകൾ മാത്രം എഴുതാനാകുന്ന ആ കുഞ്ഞൻ പേപ്പറിൽ 150 വാക്കുകൾ എഴുതിയാണ് യുഎഇയിൽ കഴിയുന്ന ഇന്ത്യൻ വംശജയായ യുവതി ശ്രദ്ധ നേടിയത്. ദുബായിൽ നടന്ന ശ്രമത്തിലൂടെ 29-കാരിയായ സീനിയർ ക്ലൗഡ് എൻജിനീയർ പുഷ്പജ്യോതി രവികുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
ചെറിയ സ്ഥലത്ത് പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി കൂടുതലും മൂന്ന് അക്ഷരങ്ങളുള്ള ലളിതമായ വാക്കുകളാണ് പുഷ്പജ്യോതി തിരഞ്ഞെടുത്തത്. എന്നാൽ വാക്കുകളുടെ എണ്ണം മാത്രമല്ല, ഓരോ വാക്കും വ്യക്തമായി വായിക്കാനാകുന്ന തരത്തിൽ എഴുതുകയും വേണമായിരുന്നു. അതിനാൽ കൃത്യതയ്ക്കും കൈയക്ഷര നിയന്ത്രണത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നു.
കുട്ടിക്കാലം മുതൽ ഗിന്നസ് വേൾഡ് റെക്കോർഡുകളോട് പുഷ്പജ്യോതിക്ക് വലിയ താൽപര്യമുണ്ടായിരുന്നു. ഒരുദിവസം താനും ഒരു റെക്കോർഡ് സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ഈ വ്യത്യസ്ത ശ്രമത്തിലേക്ക് നയിച്ചത്. പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് കൈയക്ഷരത്തിലുള്ള കഴിവും വ്യത്യസ്തമായി എഴുതാനുള്ള താൽപര്യവും ഉപയോഗിച്ച് ശ്രമം നടത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ റെക്കോർഡ് സ്വന്തമാക്കാനും പുഷ്പജ്യോതിക്ക് കഴിഞ്ഞു.
ചെറിയൊരു സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ എഴുതിയതോടെ പുഷ്പജ്യോതിയുടെ നേട്ടം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഏകദേശം ഒരു ദശലക്ഷം കാഴ്ചകൾ ലഭിച്ചതായാണ് റിപ്പോർട്ട്. സാധാരണയായി ഒരു ചെറിയ കുറിപ്പ് എഴുതാൻ ഉപയോഗിക്കുന്ന സ്റ്റിക്കി നോട്ട് തന്നെ ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള വേദിയാക്കിയിരിക്കുകയാണ് പുഷ്പജ്യോതി.