തിരുവനന്തപുരം: പരീക്ഷാക്രമക്കേട് വിവാദത്തില്‍ പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സാജു ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് വിവാദവും പരിശോധിക്കുന്നതായി സൂചന. എസ്.ടി. സംവരണാനുകൂല്യത്തോടെ ജോലി നേടിയ സാജുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് മുമ്പുയര്‍ന്ന പരാതികള്‍, പി.എസ്.സി. വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍, തുടര്‍ന്ന് നടന്ന കിര്‍ത്താഡ്‌സ് പരിശോധന എന്നിവയും ഗവര്‍ണറുടെ പരിശോധനാപരിധിയിലുണ്ട്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മലയരയവിഭാഗത്തിന്റെ സംവരണാനുകൂല്യത്തില്‍ സാജു ജോലി നേടിയതെന്നാണ് ആരോപണം.
തുടര്‍ന്ന്, നിയമന നടപടികളില്‍ ഗുരുതരക്രമക്കേടുണ്ടായതായി പി.എസ്.സി. വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പി.എസ്.സി. വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറായിരുന്ന പി.എസ്. സാബു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സാജുവിന്റെ നിയമനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലുണ്ടായിരുന്ന നിയമന മാനദണ്ഡങ്ങളില്‍നിന്ന് വ്യത്യസ്‌തമായി ഇളവുകള്‍ അനുവദിച്ചതും കണ്ടെത്തി. എന്നാല്‍, പിന്നീട് നടന്ന ജാതി പരിശോധന സാജുവിന് അനുകൂലമായി. എസ്.സി, എസ്.ടി. നിര്‍ണയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഏജന്‍സിയായ കിര്‍ത്താഡ്‌സ് നടത്തിയ നരവംശശാസ്‌ത്ര പരിശോധനയില്‍ സാജുവിന്റെ പൂര്‍വികര്‍ മലയരയവിഭാഗത്തില്‍പ്പെട്ടവരാണെന്ന് കണ്ടെത്തി. പൂര്‍വികര്‍ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെങ്കിലും മലയരയവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികവര്‍ഗപദവി നഷ്‌ടപ്പെടില്ലെന്ന നിലപാടാണ് കിര്‍ത്താഡ്‌സ് സ്വീകരിച്ചത്.
ഗവര്‍ണറെ കണ്ട് പി.എസ്.സി. സെക്രട്ടറി; വിളിച്ചുവരുത്തിയതല്ലെന്ന് ലോക്‌ഭവന്‍
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും സംബന്ധിച്ച ക്രമക്കേട് ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്നു സൂചന. എന്നാല്‍, പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും വിവാദവിഷയത്തില്‍ സ്വമേധയാ വിശദീകരണം നല്‍കാനാണ് അദ്ദേഹം ഗവര്‍ണറെ കണ്ടതെന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.
പരാതികളില്‍ പി.എസ്.സി. സ്വീകരിച്ച നടപടികളും ൈക്രംബ്രാഞ്ച് എസ്.ഐ.ടി. നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയും ഗവര്‍ണര്‍ ആരാഞ്ഞു.
ൈക്രംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി. സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികള്‍ പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ടെന്നും വിശദീകരിച്ചു.എന്നാല്‍, പി.എസ്.സി. ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെക്രട്ടറി ഗവര്‍ണറെ കണ്ടതെന്ന വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനിടയാക്കി. സംസ്‌ഥാന പോലീസ് മേധാവി റവഡാ എ. ചന്ദ്രശേഖറെ സര്‍ക്കാര്‍ അനുമതിയില്ലാതെ, ഗവര്‍ണര്‍ വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പി.എസ്.സി. സെക്രട്ടറിയുമായുള്ള കൂടിക്കാഴ്‌ച.