തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനന്റെ രൂക്ഷവിമർശനം.നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന സിപിഐയുടെ അവകാശവാദത്തെയും അദ്ദേഹം വിമർശിച്ചു. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ ഉപനേതൃപദവിക്കായി സിപിഐ അവകാശവാദം ഉന്നയിക്കുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം എല്ലാം സഹിച്ചുകൊള്ളണം എന്ന നിലപാടാണ് സിപിഐക്ക് ഉള്ളത്.
എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങളിലൂടെ അർഹതയില്ലാത്ത ആനുകൂല്യങ്ങളാണ് അവർ നേടിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പി.എം. ശ്രീ’ വിഷയമാണ് സിപിഐ സർക്കാരിനെതിരെ വിപ്ലവായുധം ആക്കിയത്. മുന്നണിയിൽ ഇരുന്നുകൊണ്ട് തന്നെ സർക്കാരിനെ ആക്രമിക്കുകയും നാണംകെടുത്തുകയുമാണ് അവർ ചെയ്തത്.ഈ സമീപനത്തിന്റെ തുടർച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സി എൻ മോഹനൻ ആരോപിച്ചു. കേരളത്തിലെ എൽഡിഎഫ് രൂപീകരണം സംബന്ധിച്ച സിപിഐയുടെ അവകാശവാദങ്ങളെയും സി.എൻ. മോഹനൻ ചോദ്യം ചെയ്യുന്നുണ്ട്.
കോൺഗ്രസ് ഭരണം ഉപേക്ഷിച്ച് വലിയ ത്യാഗം സഹിച്ചാണ് സിപിഐ എൽഡിഎഫ് ഉണ്ടാക്കിയതെന്ന വാദം തെറ്റാണ്. 1979 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസ് മുന്നണിയിലായിരുന്നു. അന്ന് ആന്റണി കോൺഗ്രസുമായി ചേർന്ന് മത്സരിച്ച എൽഡിഎഫാണ് വിജയം നേടിയത്. സിപിഐയുടെ ജനസ്വാധീനത്തെയും സി എൻ മോഹനൻ രൂക്ഷമായി പരിഹസിച്ചു. രണ്ടുലക്ഷം വോട്ടർമാരുള്ള ഒരു അസംബ്ലി മണ്ഡലത്തിൽ കുറഞ്ഞത് 5000 വോട്ടുകളെങ്കിലും സ്വന്തമായി കിട്ടുന്ന എത്ര മണ്ഡലങ്ങൾ സിപിഐക്ക് ഉണ്ടെന്ന് വ്യക്തമാക്കണമെന്നാണ് സി.എൻ. മോഹനൻ്റെ പരിഹാസം.