മാനവീയം വീധിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം,​ തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം നഗരത്തിലെ മാനവീയം വീധിയിലാണ് സംഭവം. എസ്എപി ക്യാമ്പിലെ സിപിഒ ആയ ശ്രീജിത്തിനാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ തലയ്‌ക്ക് ആറ് സ്റ്റിച്ചുകളിടേണ്ടിവന്നു.
ആര്യനാട് സ്വദേശി അഖിൽ കൃഷ്‌ണദേവ് ആണ് ശ്രീജിത്തിനെ ആക്രമിച്ചത്. രാത്രി 10 മണിക്ക് ഓണം വാരാഘോഷം സമാപിച്ചതോടെ മ്യുസിയത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം പൊലീസാണ് ഇവരെ ഒഴിപ്പിച്ചത്. ശേഷം ഇവിടെനിന്നും പോയ ജനം മടങ്ങാതെ മാനവീയം വീധിയിലെത്തി. ഇവിടെ നിന്നും 12 മണിക്ക് ശേഷം ഇവരെ ഒഴിപ്പിക്കാൻ മ്യൂസിയം പൊലീസും എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുമെത്തി. ഈ നടപടിക്ക് ശേഷം ആളുകൾ മടങ്ങവെയാണ് കൂട്ടത്തിലുണ്ടായിരുന്ന അഖിൽ കൃഷ്‌ണദേവ് മടങ്ങിവന്ന് പൊലീസുകാരനെ ഹെൽമറ്റ് കൊണ്ട് അടിച്ചത്.
സംഭവശേഷം രക്ഷപെടാൻ ശ്രമിച്ച അഖിലിനെ മ്യൂസിയം പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ സിപിഒ ശ്രീജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *