ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് എകെ-47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാതായതായി പരാതി. സെക്കന്ദരാബാദ് കന്റോൺമെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. എകെ-203, ഐഎൻഎസ്‌എഎസ് (ഇന്ത്യൻ സ്‌മാൾ ആംസ് സിസ്റ്റം) റൈഫിൾ, ആറ് പിസ്റ്റളുകൾ, വെടിമരുന്ന് തുടങ്ങിയവയും കാണാതായവയിൽ ഉൾപ്പെടുന്നു.
ഞായറാഴ്‌ച രാത്രിയാണ് ആയുധങ്ങൾ കാണാതായതായി തിരിച്ചറിഞ്ഞത്. തുടർന്ന് തിങ്കളാഴ്‌ച ബൊല്ലാറാം പൊലീസിൽ അധികൃതർ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രവേശനാനുമതിയുണ്ടായിരുന്നത്. മോഷണത്തിൽ സൈനികരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ചുമാത്രം ഗാർഡുകൾ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. സൈന്യവും മാൽകാജ്‌ഗിരി പൊലീസുമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്‌ച; എകെ47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാനില്ല