സിന്ദൂർ ഒരു പാഠം മാത്രം; ശത്രുവിനെ അങ്ങോട്ടുചെന്ന് തകർക്കാൻ ‘സുദർശൻ’ വീണ്ടും വരുന്നു, ഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിക്കും

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തു. ഇന്ത്യൻ സേനയിൽ ‘സുദർശൻ’ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച മിസൈൽ സംവിധാനമാണിത്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ഇവയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്.
സിന്ദൂർ ഓപ്പറേഷനിടെ പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റർ അകലെവച്ചാണ് ‘സുദർശൻ’ വിജയകരമായി തകർത്തത്. ഇത്തരത്തിൽ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് പുതിയ മിസൈൽ സംവിധാനങ്ങൾ കൂടി ഇന്ത്യ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. റഡാറുകളും വിവിധ തരത്തിലുള്ള മിസൈലുകളും ഉൾപ്പെടുന്നതാണ് എസ്-400 സംവിധാനം. ഏകദേശം 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ സംവിധാനം ശത്രുവിമാനങ്ങളെ അവയുടെ സ്വന്തം വ്യോമപരിധിക്കുള്ളിൽ പോലും നശിപ്പിക്കാൻ ശേഷിയുള്ളവായാണ്.
സിന്ദൂർ ഓപ്പറേഷനിടെ വ്യോമ കമാൻഡ് മേധാവി എയർ മാർഷൽ ജിതേന്ദ്ര മിശ്രയാണ് എസ്-400 ട്രയംഫ് പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റ‌ർ ദൂരത്തിൽ തകർത്തതായി അറിയിച്ചത്. ഉപരിതലത്തിൽ നിന്ന് വ്യോമ ലക്ഷ്യത്തെ തകർത്തതിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ആക്രമണങ്ങളിലൊന്നായിരിക്കാം ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ പുതിയ സംവിധാനങ്ങൾ വിന്യസിച്ച് രാജ്യത്തിന്റെ വ്യോമപ്രതിരേധ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *