വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ

തിരുവനന്തപുരം : വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ. മുഴുവൻ തുകയും നൽകി വാഹനം വാങ്ങിയ ആളുടെ പേരിൽ വ്യാജയായി ഇ എംഐ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ പള്ളിച്ചൽ ശിവപ്രസാദ് നിലയത്തിൽ സുമകുമാരി (44) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിലെ ഷോറൂറിൽ നിന്ന് മുഴുവൻ തുകയും അടച്ച് വാഹനം വാങ്ങിയ ഉപഭോക്താവിൻ്റെ പേരിലാണ് പ്രതി വ്യാജരേഖ ചമച്ച് ബാങ്ക് വായ്പ ഒപ്പിച്ചത്. ആർ സി ഉടമ അറിയാതിരിക്കാൻ വേണ്ടി ആർ സി ബുക്കിൽ ധനകാര്യ സ്ഥാപനത്തിൻ്റെ പേര് രേഖപ്പെടുത്തിയ ഭാഗം പ്രതി വിദഗ്ദ്ധമായി മായ്ച്ചു കളയുകയായിരുന്നു. കൂടാതെ ആർസി ഉടമയുടെ ഫോൺ നമ്പറിന് പകരം പ്രതി സ്വന്തം ഫോൺ നമ്പറാണ് ആർസി രേഖകളിൽ നൽകിയിരുന്നത്. വായ്പാ തവണ മുടങ്ങുമ്പോൾ ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി പിടിക്കപ്പെടുകയും ഇത് ഉടമ ശ്രദ്ധിക്കാതിരിക്കാൻ പ്രതി ആ തുക ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചു പോകുമായിരുന്നു. എന്നാൽ അക്കൗണ്ട് പരിശോധനയിടയിൽ സംശയം തോന്നിയ ഉടമ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിചിത്രമായ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമായ സബ് ഇൻസ്പെക്ടർ വി ജോൺ, അസിസ്റ്റൻ്റ് സബ് ഇൻപെക്ടർ സുകേഷ്, സിവിൽ പോലീസ് ഓഫീസർ അനുസ്മിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *