ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

കോട്ടയം: പാലാ നഗരസഭയില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തില്‍ പുതിയ ട്വിസ്റ്റ്. ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് പരാതികളില്‍ വാദം കേള്‍ക്കാന്‍ ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് വിട്ട 4 വിമത കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു.
ഡിസിസി പ്രസിഡന്റാണ് കൂറുമാറ്റ നിരോധന പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇവര്‍ കമ്മീഷന് മുന്‍പാകെ നേരിട്ട് വിശദീകരണം നല്‍കണം. കമ്മീഷന്‍ പരാതിക്കാരുടേയും എതിര്‍കക്ഷികളുടെയും വിശദീകരണം കേള്‍ക്കും.
നേരത്തേ പാല നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിന്റെ നാലു കൗണ്‍സിലര്‍മാര്‍ ഇതിനെ അനുകൂലിക്കുകയും പിന്നീട് വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ടുചെയ്യുകയുമുണ്ടായി. ഇതോടെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി എത്തിയത്. നേരത്തേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായിരുന്നു.
പകരം രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗണ്‍സിലര്‍മാരില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *