ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എൽപിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടർ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകൾ അടക്കമുള്ളവർ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യങ്ങൾക്കിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയുടെ എൽപിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 13.4 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ എൽപിജി ഉപഭോഗം ഈ വർഷം ഇതേ കാലയളവിൽ 11.3 ദശലക്ഷം ടണ്ണായി ചുരുങ്ങി. എൽപിജി വിതരണത്തിൽ തടസം നേരിട്ടതോടെ പൈപ്പ് വഴിയുള്ള പ്രകൃതി വാതകം ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായതോടെയാണ് ഈ കുറവ് വന്നത്.
രാജ്യത്ത് പിഎൻജിയുടെ ലഭ്യത വേഗത്തിലാക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറുന്നത് വേഗത്തിലാക്കാൻ ജില്ലാതല ഭരണകൂട സഹായം നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് വിതരണക്കാരുമായും എണ്ണ വിപണന കമ്പനികളുമായും ഏകോപനം നടത്തുന്നതിനായി നോഡൽ ഓഫീസർമാരെ നിയമിക്കാനും ആവശ്യപ്പെട്ടു.
എൽപിജി വിതരണവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് ഭാരം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സൗകര്യം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ പരിവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനും പിഎൻജിക്ക് സുപ്രധാന പങ്കുണ്ടെന്ന് പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അതേസമയം, എൽപിജി ഉപഭോഗം കുറഞ്ഞപ്പോൾ പെട്രോൾ, ഡീസൽ ഉപഭോഗം യഥാക്രമം 6.4 ശതമാനവും 4.3 ശതമാനവും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷം 17.8 ദശലക്ഷം ടൺ ആയിരുന്ന ഇന്ത്യയിലെ പെട്രോൾ ഉപഭോഗം 18.9 ദശലക്ഷം ടണ്ണായി വർധിച്ചു. ഡീസൽ ഉപഭോഗം 38.9 ദശലക്ഷം ടണ്ണിൽ നിന്ന് 40.5 ദശലക്ഷം ടണ്ണായി ഉയർന്നു.
ഇന്ത്യക്കാർക്ക് എൽപിജി വേണ്ടേ? ഉപഭോഗം കുത്തനെ കുറയുന്നു, കുടുംബങ്ങൾക്ക് താൽപര്യം പകരക്കാരനോട്