നവി മുബൈ: നവി മുംബൈയിലെ കാമോതെയിൽ സ്കൂൾ ബസിൽ വെച്ച് മൂന്നുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30 കാരനായ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാനായി സ്കൂൾ വാടകയ്‌ക്കെടുത്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി.
12 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കെതിരെയുള്ള പീഡനവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, കുട്ടി ദിവസവും മറ്റ് കുട്ടികൾക്കൊപ്പമാണ് സ്വകാര്യ ബസിൽ സ്കൂളിൽ പോയിവന്നിരുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 12:30 ഓടെ, കിന്റർഗാർട്ടൻ, പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ വീടുകളിൽ ആക്കാനായി ഡ്രൈവർ ബസ് എടുത്തു. മറ്റ് കുട്ടികളെയെല്ലാം അതത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം, അവസാനത്തെ കുട്ടിയായി മാറിയ മൂന്നുവയസ്സുകാരി മാത്രം ഡ്രൈവറുമൊത്ത് ബസിൽ ഒറ്റയ്ക്കായി. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്.
വീട്ടിലെത്തിയ കുട്ടി കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. മുത്തശ്ശി കാര്യം തിരക്കിയപ്പോൾ, ‘ഡ്രൈവർ അങ്കിൾ’ തന്നെ ബസിനുള്ളിൽ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. തുടർന്ന് മുത്തശ്ശി ആദ്യം സ്കൂൾ മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്‌മെന്റ് ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പൻവേൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ