ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. രക്ഷപ്പെടുത്തിയ മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ എയിംസിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും മുപ്പതിലധികംപേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ സത്യനികേതനിൽ വിദ്യാർത്ഥികളെ പേയിംഗ് ഗസ്റ്റുകളായി താമസിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടമാണ് ഉച്ചയോടെ തകർന്നുവീണത്. ഇതിന് സമീപത്തെ മറ്റൊരു കെട്ടിടവും തകർന്നെന്ന് റിപ്പോർട്ടുണ്ട്. നിരവധി കോളേജുകൾ ഉള്ള സ്ഥലത്ത് വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കനത്ത മഴയാണ് അപകടകാരണമെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ചിലരുമായി ഫോണിൽ ബന്ധപ്പെടാനാകുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിലുകൾ കേൾക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും വിദാർത്ഥി സംഘടനകളും രക്ഷാപ്രവർത്തനത്തിനുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ശ്രദ്ധാപൂർവമാണ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത്. രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക സൗകര്യങ്ങളടക്കം കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്.