തമിഴ്നാട്ടിൽ ടിവികെ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെയുടെ പ്രാദേശിക നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് ക്രൂരകൊലപാതകം നടന്നത്. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.റിയൽ എസ്​റ്റേ​റ്റ് ബിസിനസുകാരനാണ് കണ്ണൻ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അണ്ണാ ഡിഎംകെ പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനുള്ള പ്രതികാരമാണ് കൊലപാതകം എന്നാണ് കരുതുന്നത്.

ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. റോഡരികിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന കണ്ണനെ ഒരു സംഘം ആളുകൾ വളയുന്നതിന്റെയും തുടർന്ന് വാളുപയോഗിച്ച് തുരുതുരെവെട്ടുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കണ്ണൻ നിലത്തുവീണതിന് ശേഷവും ഇവർ ആക്രമണം തുടരുന്നുണ്ട്. കണ്ണനെ രക്ഷാപ്പെടുത്താൻ എത്തുന്നവരെ അക്രമികൾ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തിരിച്ചോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്​റ്റ് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്​റ്റാലിൻ ആരോപിക്കുന്നത്. പൊലീസിനുവേണ്ട കാര്യങ്ങളെക്കുറിച്ചും സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും മുഖ്യമന്ത്രി വിജയ് നാളെ നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാരൻ തന്നെ കൊല്ലപ്പെട്ടതെന്നും ഉദയനിധി സ്​റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *