ഡൽഹി കെട്ടിട ദുരന്തം: ‘വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടത്’; നടുക്കം രേഖപ്പെടുത്തി ഖർഗെ

ന്യൂഡൽഹി: സത്യനികേതനടുത്ത് വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടതാണെന്നും ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥയാണ് ദുരന്തം തുറന്നുകാട്ടുന്നതെന്നും ഖർഗെ പറഞ്ഞു.
ഇന്നുച്ചയോടെയാണ് കെട്ടിടം തകർന്നുവീണത്. ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടം. ഡൽഹി സർവകലാശാലയിലേതുൾപ്പെടെയുള്ള വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നു. പരുക്കേറ്റവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലാണ് കെട്ടിട ഉടമ. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവം അതീവ വേദനാജനകമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾ തകരുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാരിനെ വിമർശിച്ച് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.
കെട്ടിടങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദുരന്തത്തിൽ മരണം മൂന്നായി. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *