കോട്ടയം: സഹപാഠികളുടെ ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയെന്ന കേസില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി അജ്മല്‍ ടി. മുഹമ്മദിനെ ജാമ്യത്തില്‍ വിട്ടിരുന്നു. മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സി.ഐ. അറിയിച്ചു.
സഹപാഠിയായ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്‌നചിത്രങ്ങളാക്കിയെന്നാണു പരാതി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അജ്മലിന്റെ മൊബൈല്‍ ഫോണിലെ ഹിഡന്‍ ഫോള്‍ഡറില്‍ സൂക്ഷിച്ച നിലയിലായിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. കേസിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അജ്മലിന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഡിവൈസുകള്‍ കോടതിയില്‍ ഹാജരാക്കിയശേഷം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും വ്യക്തത വരൂ. പരാതിക്കാരിയായ വിദ്യാര്‍ഥിനി ലാപ്‌ടോപ്പില്‍ മറ്റ് വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ കണ്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു വിദ്യാര്‍ഥികളുടെ മൊഴികളും പോലീസ് ശേഖരിക്കും. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ടെലഗ്രാം ആപ്പിലൂടെയോ ഗ്രൂപ്പുകളിലൂടെയോ കൈമാറുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ.) സാങ്കേതികവിദ്യയുടെ വളര്‍ച്ച ദൈനംദിന ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍, ഇതിന്റെ തെറ്റായ ഉപയോഗം സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നു. പ്രത്യേകിച്ച്, കൗമാരക്കാരും യുവാക്കളും എ.ഐ. ടൂളുകള്‍ ഉപയോഗിച്ചു മറ്റുള്ളവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു വ്യാജ ദൃശ്യങ്ങള്‍ നിര്‍മിക്കുന്ന സംഭവങ്ങള്‍ ഇന്നു വര്‍ധിച്ചുവരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ലഭ്യമായ സാധാരണ ചിത്രങ്ങള്‍ ഉപയോഗിച്ച് എ.ഐ സാങ്കേതികവിദ്യയിലൂടെ നിമിഷനേരം കൊണ്ടു വ്യാജ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാന്‍ സാധിക്കുന്നു. ഇവ തമാശയ്ക്കായോ പ്രതികാര ബുദ്ധിയോടെയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നു സോഷ്യല്‍ മീഡിയാ താരങ്ങളുടെ മുതല്‍ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ഇതു വ്യക്തികളുടെ മാനഹാനിക്കും കടുത്ത മാനസിക സമ്മര്‍ദത്തിനും കാരണമാകുന്നു. ഡിജിറ്റല്‍ ഇടങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതു ഗുരുതരമായ ശിക്ഷാര്‍ഹമായ കുറ്റമാണെന്നു പല യുവാക്കളും തിരിച്ചറിയുന്നില്ല. വ്യക്തിത്വഹത്യ, സ്ത്രീകളെ അപമാനിക്കല്‍, സൈബര്‍ അതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു വിവരസാങ്കേതികവിദ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അനുസരിച്ചു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ പോലീസിനു കഴിയും.
എഐ സാങ്കേതികവിദ്യയുടെ ധാര്‍മ്മിക ഉപയോഗത്തെക്കുറിച്ചും ഡിജിറ്റല്‍ സേഫ്റ്റിയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ പരാതിപ്പെടണം.
സാധാരണ ഗൂഗിള്‍, ബിംഗ് തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ വഴി കണ്ടെത്താനാകാത്തതും ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ സാധാരണ ബ്രൗസറുകള്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കാത്തതുമായ ഇന്റര്‍നെറ്റിന്റെ മറഞ്ഞിരിക്കുന്ന ഭാഗമാണു ഡാര്‍ക്ക് വെബ് എന്ന് അറിയപ്പെടുന്നത്.
ടോര്‍ (ടോര്‍ – ദ ഒനിയന്‍ റൗട്ടര്‍) പോലുള്ള പ്രത്യേക ബ്രൗസറുകള്‍ വഴിയും എന്‍ക്രിപ്റ്റഡ് നെറ്റ്‌വര്‍ക്കുകള്‍ വഴിയുമാണു ഇതിലേക്കു പ്രവേശിക്കുന്നത്. ഉപയോക്താക്കളുടെ ഐപി വിലാസവും ഐഡന്റിറ്റിയും പൂര്‍ണമായി മറച്ചുപിടിക്കാന്‍ സാധിക്കുമെന്നതാണു ഡാര്‍ക്ക് വെബ്ബിന്റെ പ്രത്യേകത. അജ്ഞാതനായി തുടരാമെന്ന വ്യാജ സുരക്ഷിതത്വ ബോധ്യമാണു യുവാക്കളെ ഡാര്‍ക്ക് വെബ്ബുകളിലേക്ക് ലോകത്തേക്ക് ആകര്‍ഷിക്കുന്നത്. ലഹരിമരുന്നു കടത്ത്, വ്യാജ രേഖകളുടെ നിര്‍മാണം, തോക്കുകളുടെയും മറ്റ് ആയുധങ്ങളുടെയും വില്‍പ്പന, വ്യക്തിഗത വിവരങ്ങളുടെ ചോര്‍ത്തല്‍ എന്നിവയാണു ഡാര്‍ക്ക് വെബ്ബില്‍ സജീവമായി നടക്കുന്ന പ്രധാന കുറ്റകൃത്യങ്ങള്‍.
ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചാണ് ഇതിലെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് എന്നതിനാല്‍ കുറ്റവാളികളെ കണ്ടെത്തുക പ്രയാസകരമാണ്. മുന്‍പ് ഇവ കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു എങ്കില്‍ ഇന്നു പല യുവാക്കളും ഡാര്‍ക്ക് വെബ്ബിന്റെ സാഹയം തേടുന്നുണ്ട്. ഡാര്‍ക്ക് വെബ്ബ് വഴി ലഹരിമരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തു പിടിയിലായ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.