ഗ്രേറ്റർ നോയിഡ: കെഎഫ്‌സി ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവിന്റെ പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഗ്രേറ്റർ നോയിഡയിലുള്ള ഗൗർ സിറ്റി മാളിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിലാണ് പരിശോധന നടന്നത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഡീപ്പ് ഫ്രൈ ചെയ്ത ചിക്കനിൽ പുഴുവിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. വീഡിയോ പങ്കുവച്ച വ്യക്തിയുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
ഔട്ട്‌ലെറ്റിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങളും മറ്റ് ക്രമീകരണങ്ങളും സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎഫ്‌സി ഇന്ത്യയും പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിൽ ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിച്ചു. ഓർഡർ ഐഡി പങ്കുവയ്ക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു.
കെഎഫ്സി ചിക്കനിൽ പുഴുവെന്ന് പരാതി; മാളിലെ ഔട്ട്‌ലെറ്റിൽ പരിശോധന: ഉപഭോക്താവിനോട് ക്ഷമ ചോദിച്ച് കമ്പനി