കൊല്ലം ∙ ആറു വരിയായി വികസിപ്പിക്കുന്ന ദേശീയപാതയിൽ അപകടങ്ങൾ പതിയിരിക്കുന്നു. അനധികൃത പാർക്കിങ് മുതൽ നിർമാണത്തിലെ അപാകത വരെ അപകടങ്ങൾക്കു കാരണമാകുന്നു. ഉമയനല്ലൂർ ജംക്‌ഷനിലെ അടിപ്പാതയിൽ നിരന്തരം ഗതാഗതക്കുരുക്കും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്. ഉമയനല്ലൂരിൽ അനുയോജ്യമായ സ്ഥലത്തല്ല അടിപ്പാത നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് കടക്കുന്നതിന് സർവീസ് റോഡിലെ ഒറ്റവരി ഗതാഗതം ലംഘിക്കേണ്ടിവരുന്നു. മറുവശത്ത് ഉമയനല്ലൂർ ക്ഷേത്രം റോഡിലേക്കു കടക്കുന്നതിനും ഇതേ അവസ്ഥയാണ്. ഇരുവശത്തയും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നു. ഇവിടെ അടിപ്പാതയ്ക്ക് മതിയായ വീതിയില്ല.
അനധികൃത പാർക്കിങ്
ഉമയനല്ലൂർ പട്ടരുമുക്കിൽ ഉയരപ്പാത ആരംഭിക്കുന്നിടത്തും മേവറം വാഴപ്പള്ളി ഭാഗത്തെയും റോഡുകളിൽ വാഹനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നർ ലോറികൾ പകലും രാത്രിയും നിർത്തിയിടുന്നുണ്ട്. ഉയരപ്പാത വഴി രാത്രി ചീറിപ്പാഞ്ഞു വരുന്ന വാഹന ഡ്രൈവർമാർക്ക് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കണ്ണിൽപെടില്ല. ഈ വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു തിരിച്ച് അപകടത്തിൽപെട്ട ഒട്ടേറെ സംഭവങ്ങൾ വാഴപ്പള്ളി ജംക്‌ഷനിൽ ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ്, വാഴപ്പള്ളിയിൽ സർവീസ് റോഡും ഉയരപ്പാതയും രണ്ടായി തിരിയുന്ന ഭാഗത്ത് കൃത്യമായ ദിശാ ബോർഡ് സ്ഥാപിക്കാത്തതിനാൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കൊട്ടിയം സിതാര ജംക്‌ഷനിൽ നിന്ന് വാഴപ്പള്ളി ഭാഗം വരെ വരുന്ന 3 കിലോമീറ്റർ ദൂരം കേവലം 3 മിനിറ്റ് കൊണ്ടാണ് വാഹനങ്ങൾ ഒാടിയെത്തുന്നത്. സിതാര ജംക്‌ഷനിൽ ഉയരപ്പാത ആരംഭിക്കുന്ന ഭാഗത്ത് വലിയ വാഹനങ്ങൾ നിർത്തിയിടുന്നു. ബൈപാസ് റോഡിൽ പാലത്തറയ്ക്കും മേവറത്തിനും ഇടയിൽ ഉയരപ്പാത അവസാനിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഉമയനല്ലൂർ കടമ്പാട്ട് ജംക്‌ഷന് സമീപത്തും വാഹനങ്ങൾ നിർത്തിയിടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
നീണ്ടകരയിൽ ഇടുങ്ങിയ റോഡ്
നീണ്ടകര പാലത്തിനു സമീപം ദേശീയപാത ഇടുങ്ങിയതിനാൽ, ഇരുഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടക്കാൻ കഴിയാറില്ല. റോഡിനു വളവും ഉണ്ട്. ഇരുവശത്തും സർവീസ് റോഡ് ഭാഗികമായാണ് പൂർത്തിയായത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് പൂർത്തിയാക്കി അതുവഴി വിട്ടാൽ അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാം. കൊല്ലത്ത് നിന്നെത്തുന്ന വാഹനങ്ങൾ മറുവശത്തെ ദേശീയപാതയിലൂടെ മുന്നോട്ട് സഞ്ചരിച്ചു വേണം തെക്കുംഭാഗത്തെ റോഡിലേക്ക് കടക്കാൻ. ദേശീയപാത നിർമാണം പൂർത്തിയായതിനാൽ 100 കിലോമീറ്ററിലധികം വേഗത്തിലാണ് വാഹനങ്ങൾ കൊല്ലം ഭാഗത്തേക്ക് സഞ്ചരിക്കുന്നത്. ഇതു വൻ അപകടത്തിനു സാധ്യതയൊരുക്കുന്നു. ഇടപ്പള്ളിക്കോട്ട, ചവറ ജംക്‌ഷൻ എന്നിവിടങ്ങളിലും അപകട ഭീഷണിയുണ്ട്.
ഓച്ചിറയിൽ ഇല്ല, ട്രാഫിക് നിയന്ത്രണം
പ്രിമിയർ ജംക്‌ഷൻ അടിപ്പാത, കൊട്ട്നാട്ട് ജംക്‌ഷനിൽ ടെംപിൾ ബൈപാസ് റോഡിൽ നിന്നു ദേശീയപാതയിലേക്ക് കയറുന്ന ഭാഗം, ചങ്ങൻകുളങ്ങര ശാരദാ ദേവിക്ഷേത്രത്തിനു മുന്നിൽ, ചങ്ങൻകുളങ്ങര അടിപ്പാത, വവ്വാക്കാവ് ജംക്‌ഷൻ എന്നിവിടങ്ങളാണ് അപകട മേഖലകൾ. മൂന്ന് സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും വേഗ നിയന്ത്രണങ്ങളും ആവശ്യമാണ്.
കൊട്ട്നാട്ട് ജംക്‌ഷനിൽ നിന്നാണ് ബൈപാസ് റോഡിൽ നിന്നു വാഹനങ്ങൾ പുതിയ ദേശീയപാതയിലേക്ക് കയറുന്നത്. ബൈപാസ് റോഡിൽ കയറാതെ ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് നിത്യസംഭവമാണ്. ഇവിടെ ട്രാഫിക് നിയന്ത്രണത്തിനു സംവിധാനങ്ങളില്ല.