പാരിസ്∙ ഹൈന്ദവ സംഘടനാ ജീവനക്കാരുടെ സന്ദർശനത്തെ തുടർന്ന് വനിതാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ഐഫിൽ ടവർ സന്ദർശിക്കാനായി എത്തിയത്. വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഘം എത്തിയത്.
സംഭവം സ്ത്രീകളെ അപമാനിക്കുകയും ലിംഗ സമത്വത്തിന് എതിരായ നടപടിയുമാണെന്ന് അറിയിച്ചാണ് വനിതാ ജീവനക്കാർ പ്രതിഷേധിച്ചത്. ഇവർ പണിമുടക്കിയതോടെ തിങ്കളാഴ്ച ടവർ അടച്ചു. മാനേജ്മെന്റ് വനിതാ ജീവനക്കാരോടു ക്ഷമാപണം നടത്തുകയും അവരെ ചർച്ചയ്ക്കു വിളിക്കുകയും ചെയ്തു. സംഭവത്തിൽ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും അമർഷം രേഖപ്പെടുത്തി. ഐഫിൽ ടവറിലെ പ്രതിഷേധത്തിന് കാരണമായ ആരോപണങ്ങളിൽ പാരിസ് ഡപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലാളികളുടെ ആശങ്കകൾ ന്യായമാണെന്നും അടിയന്തരശ്രദ്ധ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ രോഷം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരുടെ പ്രതിഷേധം ന്യായമാണെന്ന് അംഗീകരിക്കുന്നുവെന്നും എക്സിലെ കുറിപ്പിൽ ഗ്രിഗ്വാർ വ്യക്തമാക്കി.
ഇത്തരം നിബന്ധനകൾ അംഗീകരിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത് തന്റെയോ ഐഫിൽ ടവർ ഉയർത്തിപ്പിടിക്കേണ്ടതോ ആയ മൂല്യങ്ങൾക്കു ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിംഗഭേദമന്യേ എല്ലാവർക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സഞ്ചരിക്കാനും സാധിക്കണം. പാരീസിലെമ്പാടും പ്രത്യേകിച്ച് അതിന്റെ പ്രതീകാത്മകമായ ചരിത്രസ്മാരകങ്ങളിൽ, സ്ത്രീ-പുരുഷ സമത്വം പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീകളുമായുള്ള സമ്പർക്കം’ പരിമിതപ്പെടുത്തുന്ന തരത്തിൽ സന്ദർശനം ക്രമീകരിക്കണമെന്നു പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നുവെന്ന് ഐഫിൽ ടവറിന്റെ നടത്തിപ്പുകാരായ സെറ്റ് (SETE) സമ്മതിച്ചു. അതേസമയം, സന്ദർശകർക്കു തടസ്സങ്ങൾ കുറയ്ക്കാനും സാധാരണ പ്രവേശനം ഉറപ്പാക്കാനും ഐഫിൽ ടവർ അധികൃതരുമായി ഏകോപിപ്പിച്ചാണ് സന്ദർശനം നടത്തിയതെന്ന് ബിഎപിഎസ് അറിയിച്ചു. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ പതിവു പ്രവർത്തന സമയം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ, ഐഫിൽ ടവർ മാനേജ്‌മെന്റുമായി കൂടിയാലോചിച്ചാണു പ്രതിനിധി സംഘത്തിന്റെ സന്ദർശനം നിശ്ചയിച്ചതെന്ന് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ക്ഷേത്ര അധികൃതർ വ്യക്തമാക്കി. സന്ദർശനത്തിനിടെ മറ്റ് സന്ദർശകർക്ക് സ്മാരകത്തിലേക്കു പ്രവേശനം നിഷേധിച്ചതായി അറിവില്ലെന്നും സംഘടന പറഞ്ഞു.