കൊച്ചി∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ചാണ്, ഇ.ഡിക്ക് ഇങ്ങനെ കത്തയയ്ക്കാൻ അധികാരം ലഭിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും വിവരങ്ങളും വച്ച് മറ്റു നിയമങ്ങൾ ലംഘിക്കപ്പെട്ടതായി തോന്നിയാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ബാധ്യത ഇ.ഡിക്കുണ്ട്. ഇവിടെ, അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യങ്ങൾ നടന്നതായി തോന്നിയാൽ സംസ്ഥാന പൊലീസിനെ അക്കാര്യം അറിയിക്കാനുള്ള ബാധ്യതയാണ് ഇ.ഡിക്കു വന്നിരിക്കുന്നത്. ഈ നടപടിക്ക് നിയമപരമായ അടിത്തറയുണ്ട്.