ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെയും ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാർ നാളത്തെ പണിമുടക്കുമായി മുന്നോട്ട്. ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ നാല് ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കാം.
28, 29, 30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. തുടർന്ന് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തിദിനമാക്കണമെന്ന ജീവനക്കാരുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിഷയം നിരവധി കക്ഷികളുമായി ബന്ധപ്പെട്ടതിനാൽ കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാട്.
ബാങ്ക് ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി മരവിപ്പിച്ചിരുന്നു. 2024 മാർച്ചിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ല.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ ഉൾപ്പെടെ രാജ്യത്തെ ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *