ഗുരുവായൂർ ക്ഷേത്രത്തിൽ ഇതരമത ചിഹ്നങ്ങൾക്ക് വിലക്ക്; ലംഘിച്ചാൽ പിഴ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇതരമത ചിഹ്നങ്ങൾ ധരിച്ച് പ്രവേശിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തിലെ ആചാരലംഘനത്തെ തുടർന്ന് രണ്ട് ഓതിക്കന്മാരെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയ ചെലവും പിഴയായി ഈടാക്കും.
അഷ്ടമിരോഹിണി ദിനത്തിൽ ഒന്നരലക്ഷത്തിലേറെ ഭക്തർ ക്ഷേത്രത്തിലെത്തിയെന്നും വിശേഷാൽ പ്രസാദ ഊട്ടിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തെന്നും ദേവസ്വം അറിയിച്ചു.
സെപ്റ്റംബർ 13ന് ഗുരുവായൂരിൽ 409 വിവാഹങ്ങളാണ് ഇതിനകം ശീട്ടാക്കിയിരിക്കുന്നത്. വിവാഹത്തിന് തലേദിവസം വരെ ശീട്ടാക്കാൻ കഴിയുന്നതിനാൽ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്.
തിരക്ക് കണക്കിലെടുത്ത് പുലർച്ചെ നാല് മണി മുതൽ വിവാഹച്ചടങ്ങുകൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വൺവേ സംവിധാനം ഏർപ്പെടുത്തി തിരക്ക് നിയന്ത്രിക്കും. വരനും വധുവും ഉൾപ്പെടുന്ന വിവാഹസംഘത്തിന് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ.
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും സി.സി.ടി.വി നിരീക്ഷണം ശക്തമാക്കും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെയും വിന്യസിക്കും. ഇന്നർ റിങ്, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *