ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങാനിരിക്കെ ഓപ്പണർമാരുടെ കാര്യത്തിൽ സസ്‌പെൻസ് തുടരുന്നു. പ്രധാനമായും ഉയരുന്ന ചോദ്യം കൗമാരതാരം വൈഭവ് സൂര്യവംശിയുടെ കാര്യത്തിലാണ്. ആദ്യ മത്സരത്തിൽ വൈഭവിനെ പ്ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം ടീമിലെത്തിയ സഞ്ജുവിന് മത്സരത്തിൽ വേണ്ടപോലെ തിളങ്ങാനായില്ല. 10 റൺസിനാണ് താരം പുറത്തായത്.
ആദ്യ ട്വന്റി20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശർമ 82 റൺസുമായി തിളങ്ങിയപ്പോൾ സഞ്ജുവിന് ശേഷം ഇറങ്ങിയ ഇഷാൻ കിഷൻ 42 റണസ് നേടി. അതിനാൽ തന്നെ രണ്ടാം മത്സരത്തിൽ ടീമിൽ മാറ്റം വരുത്തണോയെന്ന കാര്യത്തിൽ ടീം മാനേജ്മെന്റിന് നിർണായക തീരുമാനമെടുക്കേണ്ടി വരും.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വൈഭവിനെ പുറത്തിരുത്തിയതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. സഞ്ജുവിന് പകരം വൈഭവിനെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ശക്തമാണ്. സഞ്ജുവിന് ആദ്യ മത്സരത്തിൽ വലിയ സംഭാവന നൽകാനാകാതെ പോയതും വൈഭവിന് അനുകൂല ഘടകമാണ്.
സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം നേടിയ ശേഷമാണ് വൈഭവ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെത്തിയത്. രണ്ടാം മത്സരത്തിൽ വൈഭവിന് അവസരം നൽകുകയാണെങ്കിൽ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ സഞ്ജുവിനെ മാറ്റിനിർത്തുകയെന്ന ഓപ്ഷനാകും സെലക്ടർമാർ എടുക്കുക. ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തും ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം സ്ഥാനത്തും തിലക് വർമ അഞ്ചാം സ്ഥാനത്തുമായിരിക്കും ബാറ്റിംഗിനായി ഇറങ്ങുക.
സഞ്ജുവിന് ഒരവസരം കൂടി നൽകണോ അതോ മികച്ച ഫോമിലുള്ള വൈഭവിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തണോയെന്ന നിർണായക തീരുമാനം എടുക്കുന്നത് പരിശീലകനായ ഗൗതം ഗംഭീറായിരിക്കും.
സഞ്ജുവോ വൈഭവോ? ഒരാൾ പുറത്തേക്കും മറ്റൊരാൾ അകത്തേക്കും; സസ്‌പെൻസിന് ഉത്തരം നൽകുന്നത് ഗംഭീർ