കൊച്ചി: സിനിമാ തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്മെന്റുകൾ അറിയിച്ചു. തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയ്ക്ക് പിന്നാലെയാണ് തീരുമാനം.
തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് നൽകുന്നതിനൊപ്പം സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.
വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു. മൾട്ടിപ്ലക്സുകളിൽ പോപ്‌കോണിനും ശീതളപാനീയങ്ങൾക്കും പൊതുവിപണി വിലയേക്കാൾ അഞ്ചിരട്ടി വരെയും സാധാരണ തിയേറ്ററുകളിൽ രണ്ടിരട്ടി വരെയും വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
പലയിടത്തും ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം കാണുന്ന രീതിയിലായിരുന്നു വിലവിവരങ്ങൾ നൽകിയിരുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ തിയേറ്ററുകളിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് നാല് വരെ നീണ്ടു.
തിയേറ്ററുകളിൽ ഇനി 99 രൂപയ്ക്ക് പോപ്‌കോൺ; മിന്നൽ പരിശോധനയ്ക്ക് പിന്നാലെ നടപടി