കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. പ്രസവസമയത്തുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.
സെപ്റ്റംബർ ഒമ്പതിനാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. അടിയന്തരമായി സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിന് കാത്തുനിൽക്കാതെ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
വിദഗ്ധസംഘം റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ഡിഎംഒ കൈമാറുമെന്നാണ് വിവരം.
അതേസമയം, ഡ്യൂട്ടി ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണവുമായി അനൂപ് രംഗത്തെത്തിയിരുന്നു. 2,500 രൂപ കൈക്കൂലിയായി നൽകിയെന്നും സങ്കീർണതയെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് പോകുമായിരുന്നെന്നും അനൂപ് ആരോപിച്ചിരുന്നു.
പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്