സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്:
– സെപ്റ്റംബർ 18: ഇടുക്കി
– സെപ്റ്റംബർ 19: മലപ്പുറം, കോഴിക്കോട്
– സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം
സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.
വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലെത്താനും സെപ്റ്റംബർ 19ഓടെ ന്യൂനമർദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ, വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തീരപ്രദേശങ്ങളിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടക മുതൽ മന്നാർ കടലിടുക്ക് വരെ ന്യൂനമർദപ്പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *