മുംബയ്: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മുംബയിലെ പ്രശസ്തമായ ഒളിമ്പിയ കോഫി ഹൗസിന്റെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റദ്ദാക്കി. 108 വർഷം പഴക്കമുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയത്.
കഴിഞ്ഞ ജൂലായിൽ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നൊളനും നടന്മാരായ മാറ്റ് ഡെയ്മണും ടോം ഹോളണ്ടും ‘ദി ഒഡീസി’യുടെ ഇന്ത്യൻ പ്രീമിയറിന് മുന്നോടിയായി ഒളിമ്പിയ കോഫി ഹൗസിൽ അപ്രതീക്ഷിതമായി എത്തിയിരുന്നു. ഇതോടെ സ്ഥാപനം വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഒളിമ്പിയ കോഫി ഹൗസിൽ നടത്തിയ പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥലത്തിനോട് ചേർന്ന് മൂത്രപ്പുരയും കണ്ടെത്തി. ഭക്ഷണം നേരിട്ട് തറയിൽ വച്ചാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഭക്ഷണം തയ്യാറാക്കുന്നതിലും പാത്രങ്ങൾ കഴുകുന്നതിലും ആവശ്യമായ ശുചിത്വം പാലിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിൽ മാംസത്തിന്റെ അവശിഷ്ടങ്ങളും രക്തവും കണ്ടെത്തിയതോടെയാണ് ഗുരുതര വീഴ്ച ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടത്.
കൂടാതെ, പച്ചക്കറികളും മാംസാഹാരവും പ്രത്യേകം സൂക്ഷിക്കണമെന്ന ചട്ടവും ഇവിടെ പാലിച്ചിരുന്നില്ല. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷണ സാധനങ്ങളിൽ പാറ്റയും ഈച്ചയും ഉൾപ്പെടെയുള്ളവയുടെ ശല്യവും ശ്രദ്ധയിൽപ്പെട്ടു. പച്ചക്കറികളും മാംസവും മുറിക്കുന്നതിനായി ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡ് പഴകി വൃത്തിഹീനമായ നിലയിലായിരുന്നു.
സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആശങ്ക രേഖപ്പെടുത്തി. വൃത്തിഹീനമായ വെള്ളമാണ് പാചകത്തിനും മറ്റുമായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നതിനായി എത്തിയിരുന്നതെന്നും പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.സ്ഥാപനത്തിലെ 35 ഭക്ഷ്യസംസ്കരണ ജീവനക്കാരിൽ 34 പേരും നിർബന്ധിത ഭക്ഷ്യസുരക്ഷാ പരിശീലനം നേടിയിരുന്നില്ല. കൂടാതെ, വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ റിപ്പോർട്ടുകളും ആവശ്യമായ ശുചിത്വ രേഖകളും സ്ഥാപനത്തിൽ ലഭ്യമായിരുന്നില്ല.
ഒരു ഉപഭോക്താവിന്റെ പരാതിയെത്തുടർന്ന് ‘സേഫ് ഫുഡ്, സേഫ് മഹാരാഷ്ട്ര’ക്യാംപയിന്റെ ഭാഗമായാണ് എഫ്ഡിഎ സ്ഥാപനത്തിൽ പരിശേധന നടത്തിയത്. ഗുരുതരമായ വീഴ്ചകളും പൊതുജനാരോഗ്യത്തിന് ഉയർന്നേക്കാവുന്ന അപകടസാദ്ധ്യതയും കണക്കിലെടുത്താണ് 2006ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
രാജ്യത്തെ പ്രശസ്ത കോഫി ഹൗസിൽ ഭക്ഷണം തയ്യാറാക്കുന്നത് മൂത്രപ്പുരയുടെ തൊട്ടടുത്ത്, ചുറ്റിലും പാറ്റയും ഈച്ചയും; പൂട്ടിട്ട് സർക്കാർ