മോദിയുടെ ജന്മദിനത്തിൽ വൻ സമ്മാനവുമായി താരദമ്പതികൾ; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ാമത് ജന്മദിനാഘോഷത്തിലാണ് രാജ്യം. ഇന്നലെയാണ് മോദി 76ാം വയസിലേയ്ക്ക് കടന്നത്. ഭരണഘടനാ പദവികളിൽ ഒക്ടോബർ ഏഴിന് മോദി 25 വർഷം പൂർത്തിയാക്കുന്നതും കൂടി ആഘോഷിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിക്കും ബിജെപി ഇന്നലെ തുടക്കമിട്ടു. ഇതിനിടെ പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ വേറിട്ട സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും.
20 സ്‌കൂളുകളുടെ പുനർനിർമാണം നടത്തി താനും ഭർത്താവും സേവ സങ്കൽപ് അഭിയാന്റെ ഭാഗമാകുമെന്നാണ് മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട് അറിയിച്ചത്. ‘ആദരണീയ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നു. വരും വർഷങ്ങൾ ആരോഗ്യപ്രദമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. കൂട്ടായ പ്രവർത്തനങ്ങളുടെയും ദാനത്തിന്റെയും പ്രതീകമാണ് സേവ സങ്കൽപ് അഭിയാൻ. ഈ ദിനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 20 സ്‌‌കൂളുകൾ പുതുക്കിപ്പണിയുമെന്ന് ഞാനും റൺബീറും പ്രതിജ്ഞ ചെയ്യുന്നു. നമ്മുടെ കുട്ടികളുടെ മികച്ച പഠനത്തിനായി ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു’- എന്നാണ് ആലിയ ഭട്ട് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, കങ്കണ റണാവത്, മോഹൻലാൽ തുടങ്ങിയ താരങ്ങളും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ,​ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങിയ ലോക നേതാക്കളും രാഷ്ട്രപതി ദ്രൗപദി മു‌ർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, കേന്ദ്രമന്ത്രിമാർ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിവിധ മുഖ്യമന്ത്രിമാർ എന്നിവരും മോദിക്ക് ആയുരാരോഗ്യവും ദീർഘായുസും നേർന്നു. യു.എസ് പ്രസിഡന്റ് ​ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ യു.എസ് എംബസി മുഖേന ആശംസയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *