തിരുവനന്തപുരം: ആന്റോ അഗസ്‌റ്റിന്‍ ഒന്നാംപ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി രണ്ടാംപ്രതിയുമായ ‘മെസി തട്ടിപ്പ്’ കേസില്‍ ജി.എസ്.ടി. വകുപ്പിന്റെ അന്വേഷണം മന്ദീഭവിപ്പിക്കാന്‍ നീക്കം നടന്നതായി സംശയിച്ച് പ്രത്യേകാന്വേഷണസംഘം. ജി.എസ്.ടി. ഉന്നതോദ്യോഗസ്‌ഥ എസ്.ഐ.ടി. നിരീക്ഷണത്തില്‍.
മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ രാജ്യാന്തര ഹവാല ഇടപാട് സംശയിക്കുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ എസ്.ഐ.ടി. ശിപാര്‍ശ ചെയ്യും. ഇ.ഡിക്കും കസ്‌റ്റംസിനും റിസര്‍വ് ബാങ്കിനും അന്വേഷണവിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കൈമാറും. ആന്റോ അഗസ്‌റ്റിന്റെ വസതിയിലും റിപ്പോര്‍ട്ടര്‍ ടിവി ആസ്‌ഥാനത്തും നടത്തിയ റെയ്‌ഡില്‍ കണ്ടെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളും
അടിസ്‌ഥാനമാക്കിയാണ് എസ്.ഐ.ടി. റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയച്ചട്ടലംഘനം, ഹവാല, ബിനാമി ആസ്‌തികള്‍ തുടങ്ങിയവ സംബന്ധിച്ച് ഓരോ ഏജന്‍സിയുടെയും അധികാരപരിധിയിലുള്ള വിഷയങ്ങളില്‍ പ്രത്യേകാന്വേഷണം നടത്തണമെന്നാണ് എസ്.ഐ.ടി. ശിപാര്‍ശ. പിടിച്ചെടുത്ത വിദേശ കറന്‍സികളും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും കോടതിയില്‍ ഹാജരാക്കി.
മുന്‍കൂര്‍ ജാമ്യത്തിനായി ആന്റോ കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ വ്യാജപരാമര്‍ശം നടത്തുകയും അതിനായി വ്യാജ രേഖകള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത കേസില്‍ റിപ്പോര്‍ട്ടര്‍ എം.ഡി. ആന്റോ അഗസ്‌റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സതീശന്‍ രണ്ടാം വിവാഹം കഴിച്ചെന്ന് ഏതാനും ദിവസം മുമ്പ് ആന്റോ അഗസ്‌റ്റിന്‍ ആരോപിച്ചതാണ് കേസിനാധാരം. ആദ്യം കേസെടുത്ത തിരുവനന്തപുരം ജില്ലാ കോടതിയിലാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് മാറ്റിയതോടെ ജാമ്യക്കേസ് കളമശേരി പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന കോടതിയില്‍ പരിഗണിക്കാനാണു സാധ്യത. കാക്കനാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു കളമശേരി സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നത്. ഹര്‍ജി 23 നു പരിഗണിച്ചേക്കും.
സതീശന്‍ 2012 ല്‍ കര്‍ണാടകയില്‍ വിവാഹം കഴിച്ചെന്നും അതിന്റെ രേഖകളുണ്ടെന്നുമായിരുന്നു പൊതുവേദിയില്‍ ആന്റോയുടെ വിവാദ പ്രസംഗം. രേഖകളുടെ അടിസ്‌ഥാനത്തിലാണു പറയുന്നതെന്നും വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തത്. എന്നാല്‍, ആന്റോയ്‌ക്കെതിരേ നിലവിലുയര്‍ന്നിട്ടുള്ള കേസുകള്‍ പരിഗണിക്കുന്ന കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് ഈ സൈബര്‍ കേസും കൈമാറിയിട്ടുണ്ട്.
വ്യാജരേഖക്കേസ് ഗുരുതരമെന്ന് പരാതിക്കാരന്‍
മെസി തട്ടിപ്പില്‍ കുരുക്ക് മുറുകുന്നു ; കേന്ദ്ര ഏജന്‍സി വരും, ജി.എസ്.ടി. ഉന്നതോദ്യോഗസ്ഥയും നിരീക്ഷണത്തില്‍