റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ചെങ്കടൽ തീരത്തെ യൻബു തുറമുഖം, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്.
അതേസമയം, റിയാദിലെ പ്രധാന കേന്ദ്രങ്ങളും സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ യാൻബുവിലെ സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇവിടെനിന്നും പുക ഉയരുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ പറഞ്ഞു. സൗദി സേന യെമൻ തലസ്ഥാനമായ സനയിൽ ആക്രമണം നടത്താൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഹൂതികൾ സൗദിയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ബുധനാഴ്‌ച മക്കയെ ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ സൗദി സേന തടഞ്ഞു. വ്യാഴാഴ്‌ച തടഞ്ഞ ഡ‌്രോണിന്റെ അവശിഷ്‌ടങ്ങൾ പതിച്ച് സൗദിയിൽ താമസിച്ചിരുന്ന യെമൻ പൗരൻ കൊല്ലപ്പെട്ടതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
അതിനിടെ, യെമനിലും പോരാട്ടം ശക്തമാകുന്നതായാണ് റിപ്പോർട്ട്. ചെങ്കടൽ തീരത്ത് ഹൂതികൾ മുന്നേറ്റം നടത്തിയെന്നും ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തെ മൊഖ തുറമുഖവും സമീപ ദ്വീപുകളും അവർ പിടിച്ചെടുത്തെന്നുമാണ് റിപ്പോർട്ട്.
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; റിയാദിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം