മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, രണ്ടുപേരെ അപകടത്തില്‍ കാണാതായെന്നാണ് വിവരം. ഒമാന്‍ സോഹാര്‍ തീരത്താണ് പലാവു രാജ്യത്തിന്റെ പതാകയേന്തിയ ഇന്ധന ടാങ്കറിന്റെ എഞ്ചിന്റൂമില്‍ തീപിടിച്ചത്. ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനിയായ വാന്‍ഗാര്‍ഡ് ടെക് പലാവുവിന്റെ പതാകയേന്തിയ ടാങ്കറില്‍ നിന്ന് അപകടസൂചന സന്ദേശം വന്നിരുന്നതായി വ്യക്തമാക്കുന്നു. സെറ്റെബെല്ലോ എന്ന ടാങ്കറിലാണ് തീപിടിച്ചത്. ഇത് മിസൈല്‍ ആക്രമണം കാരണമാണെന്ന സൂചനയും ലഭിച്ചു.
‘ഒമാന്‍ ഉള്‍ക്കടലിലെ സോഹാറില്‍ പ്രവര്‍ത്തിക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ ഒരു മിസൈല്‍ പതിച്ചെന്നും കപ്പലില്‍ തീപിടിത്തമുണ്ടെന്നും അറിയിച്ച് ഒരു അപകടസൂചനാ സന്ദേശം ലഭിച്ചു.’-വാന്‍ഗാര്‍ഡ് ടെക് വ്യക്തമാക്കുന്നു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി നല്‍കിയ വിവരമനുസരിച്ച് സംഭവം സോഹാറില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്ക്കിഴക്കാണ്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റെന്നും രണ്ടുപേരെ കാണുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും പ്രകൃതിയ്ക്ക് യാതൊരു തകരാറും സംഭവം കാരണം ഉണ്ടായില്ലെന്നുമാണ് വിവരം ലഭിച്ചതെന്ന് അവര്‍ അറിയിക്കുന്നു. ഇറാന്‍-അമേരിക്ക യുദ്ധം ആരംഭിച്ച ശേഷം കപ്പലുകള്‍ക്ക് സ്ഥിരമായി ആക്രമണം നേരിടുന്ന ഭാഗമാണ് സോഹാര്‍ തീരം. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കപ്പലില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് സൂചനകളുണ്ട്.
അമേരിക്കയും ഇറാനും ഹോര്‍മുസില്‍ അവരുടെതായ തടസങ്ങളും പരിശോധനയും നടത്തുന്നുണ്ട്. ഇക്കാരണത്താലാണ് കപ്പലുകള്‍ ആക്രമണത്തിന് ഇടയാകുന്നത്. ഇറാനിയന്‍ തീരത്തേക്ക് യാത്രചെയ്യുകയായിരുന്ന ബോട്സ്വാനയുടെ കൊടിയുള്ള എംടി ലെക്സി എന്ന കപ്പലിനുനേരെ തിങ്കളാഴ്ച യുഎസ് കമാന്‍ഡ് മിസൈല്‍ അയച്ചിരുന്നു. അതേദിവസം പലാവുവിന്റെ കൊടി വഹിക്കുന്ന എംടി മാരിവെക്സ് കപ്പലിനെ അമേരിക്കയുടെ യുഎസ്എസ് എബ്രഹാംലിങ്കണിലെ യുദ്ധവിമാനം ആക്രമിച്ചിരുന്നു. ഇറാനിലെ ഡ്രോണുകളും ഇവിടെ കപ്പലുകളെ ആക്രമിക്കുന്നുണ്ട്.
ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് 38 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാനും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്. യുദ്ധം ശക്തമായ ഘട്ടത്തില്‍ കടലിടുക്കില്‍ ഫീസ് ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.