ന്യൂഡല്‍ഹി: സാമാജികരുടെ കൊഴിഞ്ഞുപോക്കും വിമതനീക്കവും കൊണ്ട് പൊറുതിമുട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച ഡല്‍ഹിയിലെ ജന്‍പഥ് വസതിയില്‍ സോണിയാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മമതയോട് സോണിയ ആവശ്യം മുന്നോട്ടുവച്ചത്. തിങ്കളാഴ്ച ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മമത രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു. യോഗശേഷമാണ് കഴിഞ്ഞ ദിവസം സോണിയയെ കണ്ടത്. ഇന്ന് മമതാ ബാനര്‍ജി, മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കാനൊരുങ്ങുകയാണെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ ഇരുപാര്‍ട്ടി നേതൃത്വവും അത് നിഷേധിച്ചു.
ബിജെപിയ്ക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിന്റെ ശക്തമായ പിന്തുണക്കും പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമാണ് സോണിയ ആവശ്യപ്പെട്ടതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായി അഭിഷേക് ബാനര്‍ജി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനും 2029 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കിയത്. മുന്‍പ് കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികളിലെ പാര്‍ട്ടികളെ പരസ്യമായി വിമര്‍ശിച്ചിരുന്ന മമത ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ പരസ്യമായി വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന അഭിപ്രായക്കാരിയാണ്. ഭരണം നഷ്ടപ്പെട്ട് ഉള്‍പാര്‍ട്ടി പോരുണ്ടായതോടെ നിയമസഭാംഗങ്ങളും ലോക്സഭാംഗങ്ങളും മറുകണ്ടം ചാടുന്ന സ്ഥിതിയാണ് തൃണമൂലിലുള്ളത്. ഇതിനിടെയാണ് മമത കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചത്.