പൂച്ചാക്കല്‍ : തുറവൂര്‍-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡില്‍ കുണ്ടുംകുഴിയുമായതോടെ അപകടങ്ങളും പതിവായി. ദേശീയപാതാ അതോറിറ്റി പുനര്‍നിര്‍മാണം നടത്താന്‍ ഉത്തരവാദപ്പെട്ട റോഡിനാണ് ഈ സ്ഥിതി.തുറവൂര്‍-എഴുപുന്ന-കുമ്പളങ്ങി റോഡും മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡുമാണ് ദേശീയപാതാ അതോറിറ്റിക്ക് നിര്‍മാണച്ചുമതലയുള്ളത്. ഇതില്‍ മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ് നന്നാക്കിയിട്ടില്ല.
എട്ടുകോടി രൂപ ഉപയോഗിച്ചാണ് കുമ്പളങ്ങി റോഡും മാക്കേക്കവല റോഡും പുനര്‍നിര്‍മിക്കേണ്ടത്. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തിരിച്ചുവിടുന്ന റോഡാണ് മാക്കേക്കവല-തൈക്കാട്ടുശ്ശേരി-തുറവൂര്‍ റോഡ്. ഒട്ടേറെ ഭാരവാഹനങ്ങള്‍ പോയതോടെ റോഡ് തകര്‍ന്നു.അറ്റകുറ്റപ്പണിപോലുമില്ലാതെ റോഡ് പുനര്‍നിര്‍മാണം നീണ്ട സാഹചര്യത്തില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് റോഡിലെ കുഴികളടച്ചെങ്കിലും തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ടാര്‍ ഒലിച്ചുപോയി വീണ്ടും കുഴികളായി. മാക്കേക്കടവ്-നേരേകടവ് പാലം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കുമെന്നതിനാല്‍ റോഡ് പുനര്‍നിര്‍മാണം അടിയന്തരപ്രാധാന്യത്തോടെ ചെയ്യണമെന്നാണ് നാട്ടുകാരടെ ആവശ്യം.