പഞ്ചാബ് യൂണി. ക്യാമ്പസിൽ ഗവേഷക ഷോക്കേറ്റ് മരിച്ചു

ചണ്ഡിഗർ: പഞ്ചാബ് സർവകലാശാലാ ക്യാമ്പസിൽ ഗവേഷക വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയായ ജ്യോതിയാണ് (28) മരിച്ചത്. സംഭവത്തെത്തുടർന്ന് മണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം. ഹരിയാനയിലെ രേവാരി സ്വദേശിയായ ജ്യോതി ഹോസ്റ്റലിൽ നിന്ന് തന്റെ പഠനവിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മഴയെത്തുടർന്ന് പ്രധാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നടപ്പാതയിലൂടെ നടന്ന ജ്യോതിക്ക് സമീപത്തെ ഇലക്ട്രിക് ജംഗ്ഷൻ ബോക്സിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മരണവാർത്ത വന്നതോടെ സർവകലാശാലാ വൈസ് ചാൻസലറുടെ ഓഫീസിനുമുമ്പിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ക്യാമ്പസിലെ സുരക്ഷയിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

തുടർന്ന് അധികൃതരും കുടുംബാംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ,​ 16 ലക്ഷം രൂപയും ഐ.ടി.ഐ ( ഇലക്ട്രിക്കൽ)​ പൂർത്തിയാക്കിയ ജ്യോതിയുടെ സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി നൽകാനും തീരുമാനമായി. കർഷക കുടുംബമാണ് ജ്യോതിയുടേത്.

ഗവേഷണത്തിനായി ലഭിച്ചിരുന്ന ഫെലോഷിപ്പിലൂടെ ജ്യോതി കുടുംബത്തെയും സഹായിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *