തിരുവനന്തപുരം: കോർപ്പറേഷനിൽ വെള്ളിയാഴ്ച കൗൺസിൽ യോഗം നടക്കാനിരിക്കെ കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ അഭിഭാഷകർ മുഖാന്തരം മേയർക്ക് അവധി അപേക്ഷ നൽകി.
തുടർച്ചയായി മൂന്ന് കൗൺസിലുകളിൽ പങ്കെടുക്കാതെ വന്നാൽ അംഗത്വം നഷ്ടമാകുന്നത് ഒഴിവാക്കാൻ അപേക്ഷ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. കഴിഞ്ഞ രണ്ടു യോഗങ്ങളിൽ സുഗതന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച നടക്കാനിരിക്കുന്നത് മൂന്നാമത്തെ കൗൺസിൽ യോഗമാണ്. എന്നാൽ കാപ്പാക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് അവധി അപേക്ഷ നൽകാൻ കഴിയുകയെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അവധി അപേക്ഷ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചാൽ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കുറ്റവാളിയുടെ അവധി അപേക്ഷയ്‌ക്ക് യാതൊരു നിയമ പരിരക്ഷയും ഉണ്ടാകില്ലെന്നും തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് അപേക്ഷ ബി.ജെ.പി അംഗീകരിച്ചാൽ നിയമനടപടി സ്വീകരിക്കാനുമാണ് എൽ.ഡി.എഫിന്റെ നീക്കം.
ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയെ തുടർന്ന് സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മറ്റ് കൗൺസിലർമാർ പിന്നീട് കോർപ്പറേഷനിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സുഗതന് കൗൺസിലർമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ ഹൈക്കോടതി ഉത്തരവുനേടിയ സുഗതൻ ജൂലായ് 14നാണ് വിയ്യൂർ ജയിലിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.