ന്യൂഡൽഹി: 13 വയസിനു താഴെയുള്ള കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. ഡൽഹിയിലെ മൂന്നു വയസുകാരിയുടെ മാതാവാണ് കോടതിയെ സമീപിച്ചത്. നിയന്ത്രണമില്ലെങ്കിൽ കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷനുണ്ടാകുമെന്നാണ് വാദം. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഇന്നലെ ലിസ്റ്റ് ചെയ്തെങ്കിലും വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് തേജസ് കരിയ പിന്മാറി.
ആഗസ്റ്റ് 5ന് പുതിയ ബെഞ്ച് പരിഗണിക്കും. 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നും ഇതിനായി മാർഗരേഖ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെയും വിവിധ പ്ലാറ്റ്‌ഫോമുകളെയും എതിർകക്ഷികളാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.