‘എൻ്റെ ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി, എനിക്കറിയാത്ത എന്നെ പരിചയപ്പെടുത്തി’; സായിയെക്കുറിച്ച് അനുപമ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. ഇരുവരും ഇപ്പോള്‍ മലയാളത്തിനുപുറമേ മറ്റുഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രതിസന്ധിഘട്ടത്തില്‍ സായി പല്ലവി എങ്ങനെ തന്നെ സഹായിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വരന്‍. സായി പല്ലവിയാണ് തന്നെ ചിത്രരചനയിലേക്ക് നയിച്ചതെന്ന് അനുപമ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. താന്‍ വരച്ച പെയിന്റിങുകള്‍ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
വേദന നിറഞ്ഞൊരു കാലത്തെ ചിത്രരചനയിലൂടെയാണ് താന്‍ അതിജീവിച്ചതെന്ന് അനുപമ പരമേശ്വരന്‍ വെളിപ്പെടുത്തി.അതിന് വഴിത്തിരിവായത് സായ് പല്ലവിയുമായുള്ള ഒരു സംഭാഷണമായിരുന്നെന്നും അനുപമ പറഞ്ഞു. തനിക്കറിയാത്ത തന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തി തന്നതിന് സായി പല്ലവിയോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ 2021-ലാണ് ചിത്രങ്ങള്‍ വരച്ചുകൂട്ടിയതെന്നും അനുപമ പറഞ്ഞു.
‘കുട്ടിയായിരുന്നപ്പോള്‍ നിറങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. ഞാന്‍ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കല്‍ സായ് പല്ലവിയോട് മനസുതുറക്കാനിടയായി. ആ സമയത്ത് അവള്‍ നല്‍കിയ ജലച്ചായങ്ങളാണ് എല്ലാത്തിന്റെയും തുടക്കം. എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാര്‍ലിങ്.
കഴിഞ്ഞ വര്‍ഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേര്‍ന്ന് രഹസ്യമായി ഞാന്‍ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളില്‍ തൂക്കി. അതെനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തില്‍ നിന്നും മനോഹരമായ ഓര്‍മ്മകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണ്.” അനുപമയുടെ വാക്കുകള്‍.

അനുപമ പരമേശ്വരന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി
അനുപമയുടെ വൈകാരികമായ പോസ്റ്റ് സായ് പല്ലവി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ റീഷെയര്‍ ചെയ്തു. ‘ഒരുപാട് സ്‌നേഹം മൈ ബേബി… ഈ ചിത്രങ്ങള്‍ വളരെ വ്യക്തിപരവും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകള്‍ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു,’ സായ് പല്ലവി കുറിച്ചു.
തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ ആണ് അനുപമ പരമേശ്വരന്‍ നായികയായി ഒടുവിലെത്തിയ ചിത്രം. മലയാളത്തില്‍ പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിലും അനുപമ നായികയായി. ശിവ കാര്‍ത്തികേയന്റെ നായികയായി അമരനിലാണ് സായി പല്ലവി ഒടുവില്‍ അഭിനയിച്ചത്. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന രാമായണയില്‍ സീതയായെത്തുന്നത് സായിയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *