ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന് താന്‍ നല്‍കിയ അഞ്ചു കോടിയുടെ സ്വര്‍ണം പൂശിയ ‘രാമചരിതമാനസ്’ ഗ്രന്ഥം കാണാനില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്‍. അഞ്ച് മാസം ഇത് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അധികൃതര്‍ മറുപടി നല്‍കിയില്ല.
വിരമിച്ചപ്പോള്‍ ലഭിച്ച വരുമാനത്തില്‍ നിന്നടക്കം ചെലവിട്ട് വാങ്ങിയാണ് ‘രാമചരിതമാനസ്’ സംഭാവന ചെയ്തത്. ഇതിനായി ഭാര്യ സരസ്വതിക്കൊപ്പം 2024 ഏപ്രിലിലാണ് അയോദ്ധ്യയിലെത്തിയത്. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയാല്‍ നിര്‍മ്മിച്ച ഗ്രന്ഥത്തിന് 147 കിലോഗ്രാം ഭാരമുണ്ട്. ശ്രീകോവിലിനടുത്ത് സൂക്ഷിക്കുമെന്ന ഉറപ്പ് അധികൃതര്‍ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭാവനാ കൊള്ളയുടെ പശ്ചാത്തലത്തില്‍ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവരുടെ രാജിയും കേസന്വേഷിക്കുന്ന എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോര്‍ട്ടും ചര്‍ച്ചയാകും. ക്ഷേത്ര ഭരണ മേല്‍നോട്ടത്തിന് ട്രസ്റ്റില്‍ സി.ഇ.ഒയെ നിയമിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചേക്കും.
ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന്റെ അയോദ്ധ്യയിലെ ആശ്രമമായ മണി രാംദാസ് ഛാവനിയില്‍ വൈകിട്ട് മൂന്നിനാണ് യോഗം.
ചമ്പത്ത് റായിയെപ്രതി ചേര്‍ത്തേക്കും
സംഭാവനാ തട്ടിപ്പില്‍ ചമ്പത്ത് റായിയെ അടക്കം എസ്.ഐ.ടി പ്രതിചേര്‍ത്തേക്കും. ജൂലായ് 15നകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. അതിനിടെ ചമ്പത് റായിക്ക് പിന്തുണമായെത്തിയ അയോദ്ധ്യ സന്ത് മണ്ഡല്‍ സന്ന്യാസിമാര്‍ അദ്ദേഹത്തിന്റെ രാജി നിരസിക്കാന്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു.