രാഘവ ലോറന്‍സ് രാഷ്ട്രീയത്തിലേക്ക്, പ്രിയപ്പെട്ട വിജയ്‌ക്കൊപ്പം നിന്ന് സമൂഹത്തെ സേവിക്കുമെന്ന് പ്രതികരണം

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂര്‍ മണ്ഡലം നിലനിര്‍ത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്തു. ഈ ഒഴിവിലേക്ക് രാഘവ ലോറന്‍സ് ടിവികെ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് ലോറന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ വിശ്വസിക്കുന്ന ഒരാള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയില്‍ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ സാഹചര്യങ്ങള്‍ തന്നെ ഇവിടം വരെ എത്തിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് അമ്മയുടെ അനുഗ്രഹത്തോടെയും സത്യസന്ധതയോടെയും സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ഉപദേശവും മാര്‍ഗനിര്‍ദ്ദേശവും തനിക്ക് ആവശ്യമാണെന്നും തന്റെ തീരുമാനങ്ങള്‍ സുതാര്യമായിരിക്കുമെന്നും ലോറന്‍സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ കടമ ആത്മാര്‍ത്ഥമായി നിറവേറ്റുക, പ്രത്യുപകാരം പ്രതീക്ഷിക്കരുത്. എനിക്ക് നിങ്ങളുടെ ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമുണ്ട്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണം സമ്പാദിക്കാനോ സ്ഥാനമാനങ്ങള്‍ നേടാനോ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു.’ ലോറന്‍സിന്റെ വാക്കുകള്‍.
ചലച്ചിത്ര മേഖലയില്‍ കൊറിയോഗ്രാഫര്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ വ്യക്തിയാണ് രാഘവ ലോറന്‍സ്. സിനിമയ്ക്ക് പുറമെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ബെന്‍സ്’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന അദ്ദേഹം, ആ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്.തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിക്കുന്ന ലോറന്‍സിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *