മലപ്പുറം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കാടാമ്പുഴ താണിയപ്പന്‍ കുന്നില്‍ താമസിക്കുന്ന നൗഫലിനെ (32) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുളിമുട്ടം സ്വദേശിയുടെ മൊബൈല്‍ ഫോണുകളും രേഖകളും അടങ്ങിയ ബാഗാണ് മോഷണം പോയത്. തുടര്‍ന്ന് ഇദ്ദേഹം പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാത്തൂരില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. പോലിസ് അന്വേഷണത്തില്‍ നൗഫലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഇയാള്‍ കൈക്കലാക്കിയ ഫോണ്‍ സുഹൃത്തിനു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കാടാമ്പുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. എം. വിനോദ്, അനന്ത ലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരില്‍ സമാനമായി ട്രെയിനുകളില്‍ നിന്ന് യാത്രക്കാരുടെ ബാഗ് മോഷ്ടിച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ രണ്ടു കിലോ കഞ്ചാവുമായി നാലു വര്‍ഷം മുമ്പ് കല്‍പകഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനു പണം കണ്ടെത്താനാണ് പ്രതി മോഷണം നടത്തി വരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബസില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചു