അഭയാര്‍ഥി ക്യാമ്പിലെ ജനനം, ബയേണിലെ കളിമുറ്റം, ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ

വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കായി ആദ്യഗോള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നെസ്റ്റോറി ഇറംഗുണ്ട. തുര്‍ക്കിയുടെ അര്‍ദ ഗുലര്‍ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയന്‍ കീപ്പര്‍ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞതില്‍പ്പിന്നെയാണ് ആ ഗോള്‍ വരുന്നത്. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോണ്‍ എങ്സ്റ്റലര്‍ക്ക് നല്‍കി. തുര്‍ക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലര്‍ ബോക്‌സിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് വിങ്ങര്‍ നെസ്റ്റോറി ഇറംഗുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി, തുര്‍ക്കി പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ ഇറംഗുണ്ട പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു.
എന്നാല്‍ കയ്പും കണ്ണീരും നിറഞ്ഞ ഒരു ഭൂതകാലമുണ്ട് ഇറംഗുണ്ടയ്ക്ക്. ജനനത്തിനും മുന്‍പേ തുടങ്ങണം ഈ ഇരുപതുകാരന്റെ ജീവിതകഥ. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ബുറണ്‍ഡിയില്‍നിന്ന് സുരക്ഷിതത്വം തേടി അയല്‍രാജ്യമായ ടാന്‍സാനിയയിലേക്ക് കടന്ന പതിനായിരങ്ങളില്‍ ഇറംഗുണ്ടയുടെ മാതാപിതാക്കളുമുണ്ടായിരുന്നു. അവിടെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കവേ, 2006-ലാണ് ഇറംഗുണ്ടയുടെ ജനനം. പിന്നാലെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറി. ആദ്യം പെര്‍ത്തിലും തുടര്‍ന്ന് അഡ്ലെയ്ഡിലും താമസം മാറി.അഡ്ലെയ്ഡില്‍വെച്ച് കുട്ടിയായിരിക്കേ, ഫുട്ബോളിലേക്ക് തിരിഞ്ഞ ഇറംഗുണ്ട, മിന്നല്‍ വേഗം, അസാമാന്യ കരുത്ത്, സാങ്കേതികത്തികവ്, ഡ്രിബ്ലിങ് മികവ് എന്നിവകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അഡ്ലെയ്ഡില്‍ അറിയപ്പെടുന്ന യുവ ഫുട്ബോള്‍ കളിക്കാരനായി ഇറംഗുണ്ട മാറി. അവന്റെ വേഗതവും കരുത്തും ഭയമില്ലാത്ത കളിശൈലിയും ചെറുപ്രായത്തില്‍തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രാദേശിക ജൂനിയര്‍ ഫുട്ബോളിലൂടെ വളര്‍ന്ന അവന്‍ പിന്നീട് അഡ്‌ലെയ്ഡ് യുണൈറ്റഡിന്റെ അക്കാദമിയില്‍ ചേരുകയും വളരെ വേഗത്തില്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയരുകയും ചെയ്തു. വെറും 15-ാം വയസ്സില്‍, 2022 ജനുവരിയില്‍ അവന്‍ അഡ്ലെയ്ഡ് യുണൈറ്റഡിനായി എ-ലീഗില്‍ അരങ്ങേറ്റം കുറിച്ചു. വിങ്ങിലൂടെയുള്ള സ്ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെയും ദൂരെനിന്നുള്ള കരുത്തുറ്റ ഷോട്ടുകളിലൂടെയും ഇറംഗുണ്ട ലീഗിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന താരമായി മാറി.
വൈകാതെ ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള ക്ലബ്ബുകളും താരത്തെ നോട്ടമിട്ടു. ഒടുവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് അവനെ സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ അന്തരീക്ഷത്തില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ പോകുന്ന യുവ ഓസ്‌ട്രേലിയന്‍ കളിക്കാരുടെ നിരയിലേക്ക് ഈ മാറ്റത്തോടെ അവനും എത്തിച്ചേര്‍ന്നു. അന്താരാഷ്ട്ര തലത്തിലും ഇറംഗുണ്ടയുടെ വളര്‍ച്ച സമാനമായ രീതിയിലായിരുന്നു. ഓസ്‌ട്രേലിയയുടെ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ച ശേഷം, സീനിയര്‍ ടീമായ സോക്കറൂസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തിന്റെ ഏറ്റവും വലിയ വാഗ്ദാനമായി മാറുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *