മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി; ഏതൊക്കെ കേസുകളില്‍ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളിലും ഡല്‍ഹി എയിംസ് ഉള്‍പ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.
വെര്‍ച്വല്‍ ഓട്ടോപ്സിയെന്നാല്‍ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മരണകാരണം കണ്ടെത്തുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമാണ്. പരിശോധനാ നടപടികള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനാല്‍ ഭാവിയില്‍ തുടര്‍പരിശോധനകള്‍ക്കും സഹായകമാണ്. മരണത്തിന്റെ രീതി, മരണസമയം, പരിക്കുകള്‍ എന്നിവ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. മൃതദേഹം കീറിമുറിക്കേണ്ടി വരില്ലെന്നത് ബന്ധുക്കള്‍ക്കും ആശ്വാസകരമാണ്. നിയമപരമായ കാര്യങ്ങള്‍ വേഗത്തിലാക്കാനും മൃതദേഹത്തിന് കേടുപാടുകള്‍ വരാത്ത രീതിയില്‍ സംസ്‌കരിക്കാനും സാധിക്കും. എന്നാല്‍, പരമ്പരാഗത പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് പൂര്‍ണമായും പകരം സംവിധാനമല്ലിത്. കേരളത്തില്‍ ഇത് നടപ്പാക്കുമ്പോള്‍ ഫോറന്‍സിക് വിദഗ്ധര്‍ക്കും ടെക്‌നിക്കല്‍ ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് പരിശീലനങ്ങള്‍ നല്‍കേണ്ടിവരും. ഒപ്പം ഫോറന്‍സിക് വിദഗ്ധര്‍ക്കായുള്ള തസ്തികകള്‍ സൃഷ്ടിക്കാനും നിയമനം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അനുകൂലം
• ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെടാത്തതും വ്യക്തമായ സാക്ഷികളുമുള്ള കേസുകള്‍.
• സംശയാസ്പദമല്ലാത്ത, ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഭാഗമല്ലാത്ത സാഹചര്യത്തിലുള്ള മുങ്ങിമരണം, അപകടത്തില്‍പ്പെട്ടോ വിഷം കഴിച്ചോ മറ്റോ ചികിത്സയിലിരിക്കെയുള്ള മരണം, കുഴഞ്ഞുവീണുള്ള മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യാനാകും.
• ചില ഗുരുതരരോഗങ്ങള്‍ ബാധിച്ച് മരിച്ചവരെ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ ആന്തരികാവയവങ്ങളില്‍നിന്ന് രോഗാണുക്കള്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ വെര്‍ച്വല്‍ ഓട്ടോപ്‌സി ഏറെ പ്രയോജനപ്രദമാകും.
• 60 ശതമാനം കേസുകളിലും അനുകൂലം.
പ്രതികൂലം
• കൊലപാതകം, മനുഷ്യാവകാശ ധ്വംസനം, ചികിത്സാപ്പിഴവ്, ലൈംഗികാതിക്രമം, ഗാര്‍ഹികപീഡനം തുടങ്ങിയ ഗൗരവകരവും സംശയാസ്പദവുമായ സാഹചര്യങ്ങളിലെ കേസുകള്‍.
• ഇത്തരം ഹൈ റിസ്‌ക് കേസുകളില്‍ കൃത്യത ഉറപ്പാക്കാന്‍ പഴയ രീതിയാണ് ഉചിതം.
• ചിലപ്പോള്‍ ആന്തരികമായ പരിക്കുകള്‍ വെര്‍ച്വല്‍ ഓട്ടോപ്സിയിലൂടെ കണ്ടെത്താനായില്ലെങ്കില്‍ തുടരന്വേഷണത്തെയും നിയമനടപടികളെയും ബാധിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *