വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണ് എട്ട് പേര് മരിച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എഡ്വേഡ്സ് വ്യോമതാവളത്തില്‍ നടന്ന പതിവ് പരിശോധനാ ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാന നിര്‍മ്മാതാക്കളായ ബോയിങ് കമ്പനി ജീവനക്കാരും സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തങ്ങളുടെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ബോയിങ് സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസം വരെ എടുത്തേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോയിങ് ബി-52 ബോംബര്‍ വിമാനങ്ങള്‍ 1955-ലാണ് യുഎസ് സേനയുടെ ഭാഗമായത്. സോവിയറ്റ് കാലഘട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയ വിമാനങ്ങള്‍ തുടര്‍ച്ചയായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. തകര്‍ന്നുവീണ ബോംബര്‍ ഏത് വര്‍ഷത്തിലാണ് നിര്‍മ്മിക്കപ്പെട്ടതെന്നു വ്യക്തമല്ല.
ഇത് ആണവായുധങ്ങള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. വിയറ്റ്നാം മുതല്‍ ഇറാന് വരെയുള്ള യു.എസ്. സൈനിക ഇടപെടലുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബി-52 ബോംബര്‍ വിമാനങ്ങളില്‍ ആധുനിക റഡാര്‍ സംവിധാനം മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തിങ്കളാഴ്ച അപകടത്തില്‍പ്പെട്ട വിമാനം ഇതിന്റെ ഭാഗമായിരുന്നോ എന്നത് വ്യക്തമല്ല. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ തീപിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു.