നിര്‍ണായക നീക്കവുമായി എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. 2025ല്‍ ദ്വാരപാലക പാളി മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പുതിയ എസ്‌ഐടി തീരുമാനിച്ചത്.
സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ വലിയ ദുരൂഹതയുണ്ടെന്നും മുന്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രശാന്ത് ഉള്‍പ്പെടെ ഭരണസമിതിയിലെ മൂന്നംഗങ്ങളെ കൂടി പ്രതിചേര്‍ക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന അജികുമാര്‍, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് 2025ല്‍ ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശാനായി നല്‍കിയതെന്ന് എസ്‌ഐടിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൃത്യമായ ഗൃഢാലോചന ഇതിനുപിന്നില്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇതിനുമുമ്പ് തന്നെ ഇവര്‍ക്കെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് സമപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഭരണസമിതിയുടെ പൂര്‍ണമായ അറിവോടെയാണ് ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശാനായി നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതുതായി കൂടുതല്‍ പ്രതികളെ ചേര്‍ക്കാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.