ഇനി കേരള രജിസ്ട്രേഷന്‍ ബസുകള്‍ കൂടും

  1. ടൂറിസ്റ്റ് ബസുകള്‍ക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് ലഭിക്കാനിടയുള്ളത് വലിയ വരുമാനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ നിരക്കുകളെക്കാള്‍ കുറവാണ് ഇപ്പോള്‍ കേരളത്തില്‍ നിശ്ചയിച്ചിട്ടുള്ള നികുതി. അതിനാല്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകളുടെ എണ്ണം കൂടാനാണ് സാധ്യത.
700 ബസുകളെങ്കിലും മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത് കേരളത്തില്‍ ഓടുന്നുണ്ട്. ഇവയും സംസ്ഥാന രജിസ്‌ട്രേഷനിലേക്ക് മാറാനാണ് സാധ്യത. സംസ്ഥാനത്തിനകത്തുമാത്രം ഓടാന്‍ അനുമതിയുള്ള കോണ്‍ട്രാക്ട് കാരിയേജ് ബസുകളുടെ നികുതിയും അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് നികുതിയും തമ്മില്‍ വലിയ അന്തരമില്ല. അതിനാല്‍, അഖിലേന്ത്യാ പെര്‍മിറ്റിലേക്ക് കൂടുതല്‍ ബസുകള്‍ മാറാനുള്ള സാധ്യത ഏറെ.
നിലവില്‍ ബസുകള്‍ക്ക് ഒരു സീറ്റിന് 2000 രൂപയും ഒരു സ്ലീപ്പറിന് 3000 രൂപയുമാണ് മൂന്നുമാസത്തേക്ക് കേരളത്തില്‍ നികുതി. ഇത് 900 രൂപയും 1500 രൂപയുമായാണ് കുറയ്ക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിലെ കുറഞ്ഞനിരക്ക് കേരളത്തിലാവും. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാകുമ്പോള്‍ സംസ്ഥാന നികുതിക്കുപുറമേ, ഒരു വര്‍ഷം മൂന്നു ലക്ഷവും മൂന്നു മാസത്തേക്കാണെങ്കില്‍ 90,000 രൂപയുമാണ് നികുതി. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതാണ്. രജിസ്റ്റര്‍ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ വിഹിതം ലഭിക്കും.
ബസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഷാസിയടക്കം അതത് സംസ്ഥാനങ്ങളില്‍നിന്നെടുക്കണം. വലിയ ബസ്സുകള്‍ക്ക് 40 ലക്ഷമാണ് ഷാസി വില. ഇതിന് 28 ശതമാനം ജി.എസ്.ടി. വിഹിതം ലഭിക്കും. ബോഡി നിര്‍മാണത്തിന് മറ്റുസംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ താത്കാലികപെര്‍മിറ്റ് വേറെയും എടുക്കണം. ഇതിലും സംസ്ഥാനത്തിന് വിഹിതം ലഭിക്കും.
നികുതിയിലെ മാറ്റം
• സ്റ്റേജ് കാരിയേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്.
• ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസിന് സീറ്റിനുള്ള നികുതി 2000 രൂപയില്‍നിന്ന് 900 ആക്കി.
• സ്ലീപ്പര്‍ ബസിന്റെ നികുതി നിരക്ക് ഒരു സ്ലീപ്പറിന് 3000 രൂപയില്‍നിന്ന് 1500 ആക്കി.
• ട്രയിലര്‍ വാഹനങ്ങളുടെ ത്രൈമാസ നികുതി സ്ലാബുകള്‍ ഏകീകരിച്ചു.
• 20 ടണ്ണിന് മുകളില്‍ ഭാരമുള്ള ട്രയിലര്‍ വാഹനങ്ങളുടെ നികുതി സ്ലാബ് ഒഴിവാക്കി.
• 15,000 കിലോഗ്രാമിന് മുകളിലുള്ള എല്ലാവാഹനങ്ങള്‍ക്കും ഏകീകരിച്ച നികുതി.
• ഭിന്നശേഷിക്കാര്‍ക്ക് നികുതി ഇളവിനുള്ള വാഹനത്തിന്റെ മൂല്യപരിധി ഏഴില്‍നിന്ന് 15 ലക്ഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *