കൊല്ലം∙ പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണത്തെ വിമർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനു മറുപടിയുമായി മുൻമന്ത്രി കെ.ബി.ഗണേഷ്കുമാർ. ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം എന്ന് ഗണേഷ്കുമാർ ചോദിച്ചു. ആശുപത്രിയുടെ നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗണേഷിന്റെ പ്രതികരണം.
ഗണേഷ്കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം:
പത്തനാപുരത്ത് ഒരു രാജ്യാന്തര നിലവാരമുള്ള, അത്യാധുനിക സൗകര്യമുള്ള ഒരു താലൂക്കാശുപത്രി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആഗ്രഹമാണ് അവസാനഘട്ടത്തിലേക്കു കടന്നുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇപ്പോഴത്തെ എംഎൽഎയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി മുരളീധരനെ പത്തനാപുരത്ത് കൊണ്ടുവന്ന് ഇത് ആശുപത്രി അല്ല വലിയൊരു ഹോട്ടൽ പോലെ ഉണ്ടെന്ന പരാമർശമൊക്കെ നടത്തിയിരിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും പോകുന്ന ഒരു താലൂക്കാശുപത്രി, ആ ആശുപത്രിക്ക് പഞ്ചനക്ഷത്ര സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? മികച്ച ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം?. ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ആശുപത്രി നിർമാണം നീട്ടിക്കൊണ്ടുപോയി അവസാനം അതെല്ലാം ചിലരുടെ ക്രെഡിറ്റിലാക്കാനുള്ള ഗൂഢതന്ത്രമാണിത്. അല്ലാതെ വേറൊന്നുമല്ലാ.
പണി ഇതിനകം പൂർത്തീകരിച്ചിരിക്കുന്ന, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതുകൊണ്ട് മാത്രം ഉദ്ഘാടനം നടത്താൻ കഴിയാത്ത പല പദ്ധതികളും സ്വന്തം ക്രെഡിറ്റിലാക്കാനുള്ള ഓട്ടത്തിലാണു ചിലർ. അതിനു ചെറിയൊരു ഉദാഹരണമാണ് ഇതിനകം പണിപൂർത്തീകരിച്ച കൊച്ചിക്കടവ് പാലം സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും പൂർത്തീകരിക്കുമെന്നു പറഞ്ഞു പത്രപ്രസ്താവന എല്ലാം കൊടുത്തിരിക്കുന്നത്. അതെല്ലാം പത്തനാപുരത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് കൊറോണ ഏതാ, നിപ്പ ഏതാ എന്നൊന്നും തിരിച്ചറിയാത്ത, ചൂടുണ്ടായാൽ കൊറോണ പോയിക്കൊള്ളും എന്നു പറയുന്ന ഒരു മന്ത്രിയെയും കൊണ്ടുവന്നു ആശുപത്രിയിലെ സന്ദർശന നാടകം. പുനലൂർ താലൂക്കാശുപത്രിയിൽ അത്യാസന്ന നിലയിലുള്ള രോഗികളുടെ ഉൾപ്പെടെ മുന്നിലൂടെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കൊടിയും പിടിച്ചു സന്ദർശനം നടത്തിയ ഒരു മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
കഴിഞ്ഞ ദിവസം പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി നേരിട്ടു വിലയിരുത്തിയ കെ. മുരളീധരൻ, ‘ഇത് ഹോട്ടലാക്കാനേ കൊള്ളൂ’ എന്ന വിമർശനമാണ് ഉന്നയിച്ചത്. സിടി സ്കാനിങ്, എംആർഐ സ്കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാതെ ആശുപത്രി നിർമിച്ചത് ശ്രദ്ധയിൽപെട്ടപ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം. നിർമാണച്ചുമതലയുള്ള ഇൻകൽ ഉദ്യോഗസ്ഥർ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.