തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവും മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണം എസ്ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.എം. സുധീരന്‍. മഹേശന്റെ ഭാര്യ നല്‍കിയ സങ്കടഹര്‍ജി അടക്കമുള്ള പകര്‍പ്പും മുഖ്യമന്ത്രിക്ക് അയച്ചു.
വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്നയാളാണ് കെ.കെ. മഹേശനെന്നും എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മഹേശന്റെ കുടുംബമുള്ളത്. ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് അപേക്ഷയെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ സുധീരന്‍ പറയുന്നു.
ആഭ്യന്തരമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. കത്തയച്ച വിവരം സുധീരന്‍തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്‍ സുധീരനെതിരേ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സുധീരനല്ല ഏത് ധീരന്‍ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരേ നിലപാട് കടുപ്പിച്ചുകൊണ്ടുള്ള സുധീരന്റെ നീക്കം. ആലപ്പുഴയില്‍നിന്ന് സുധീരനെ കെട്ടുകെട്ടിച്ചതിന്റെ വിരോധമാണ് സുധീരനുള്ളതെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും തമ്മില്‍ പരസ്യമായ പോര് തുടങ്ങിയത്.