ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
എതിരാളികളായ ബിജെപിയിൽ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ കൂളാണ്, സൈനിക ചരിത്രത്തില്‍ വലിയ അറിവുള്ളയാളുമാണ്. അതിനാല്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഹലോ, അമരീന്ദര്‍ അങ്കിള്‍, എന്ന് ചിരിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് 2021-ലാണ് പാർട്ടി വിട്ടത്. തുടർന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ചു. പിന്നീട് 2022ൽ ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. തന്റെ ജന്മദിനത്തിൽ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ആശംസകൾ നേർന്നതായും ഇത്തരം വ്യക്തിബന്ധങ്ങൾ ബിജെപിക്കുള്ളിൽ കാണാറില്ലെന്നും അമരീന്ദർ സിംഗ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.