
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശേഷിക്ക് കരുത്തുപകരുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും എം 777 (M777A2) അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ക്കുമായി ഏകദേശം 482.2 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 4,000 കോടിയിലധികം രൂപ) പ്രതിരോധ സഹായ പദ്ധതി അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിദേശ സൈനിക വില്‍പ്പന സംബന്ധിച്ച അറിയിപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന് കൈമാറി. ഈ പദ്ധതി പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. എം 777 ഹോവിറ്റ്‌സര്‍ പീരങ്കികള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എന്നിവയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമാണ് ഈ തുക ചെലവഴിക്കേണ്ടിവരിക.
ഉയരമേറിയ മലയോര മേഖലകളില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന ഈ പീരങ്കികളാണ് എം -777 പീരങ്കികള്‍. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി 230 മില്യണ്‍ ഡോളര്‍ മാറ്റിവെക്കും. ബിഎഇ സിസ്റ്റംസ് ആണ് ഇതിന്റെ പ്രധാന കരാറുകാര്‍. എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ 198.2 മില്യണ്‍ ഡോളറിന്റെ പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികളാണ് ഇതിനാവശ്യമായ സേവനങ്ങള്‍ നല്‍കുക.
വെറും ആയുധ വില്‍പ്പന എന്നതിലുപരി, ഇന്ത്യയുടെ സൈനിക ഉപകരണങ്ങള്‍ ദീര്‍ഘകാലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം ആവശ്യമായ സ്പെയര്‍ പാര്‍ട്ടുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. ഇതിന് പുറമെ സാങ്കേതിക സഹായം, എഞ്ചിനീയറിംഗ് സേവനങ്ങള്‍, ലോജിസ്റ്റിക്സ് പിന്തുണ, സൈനികര്‍ക്കുള്ള പ്രത്യേക പരിശീലനം, അറ്റകുറ്റപ്പണികള്‍ക്കായി ഫീല്‍ഡ് സര്‍വീസ് പ്രതിനിധികളുടെ സേവനം തുടങ്ങിയവ ഇന്ത്യയ്ക്ക ഉപയോഗിക്കാം. അപ്പാച്ചെ, എം-777ലഹൊവിറ്റ്സര്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ദീര്‍ഘകാല പരിപാലന പിന്തുണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുതാണ്. ഇത് പ്രകാരമാണ് പുതിയ പ്രതിരോധ ഇടപാട് നടക്കാനൊരുങ്ങുന്നത്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചാലുടന്‍ ഈ ഇടപാട് നടക്കും.
ഇന്തോ-പസഫിക് മേഖലയിലും ദക്ഷിണേഷ്യയിലും സമാധാനവും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് പ്രശംസിച്ചു. ഇന്ത്യയെ ഒരു ‘പ്രധാന പ്രതിരോധ പങ്കാളി’ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഈ കരാറിനെ സ്വാഗതം ചെയ്തു. ‘അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷാ ശേഷി നിലനിര്‍ത്താന്‍ ഈ കരാര്‍ സഹായിക്കും’ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു