മെക്സികോ സിറ്റി: കാലിൽ തുന്നിപ്പിടിപ്പിച്ച പോലെ പന്തുമായി വിങ്ങുകളിലൂടെ കുതിച്ചുപായുന്ന കൗമാരക്കാരൻ. ഇടതും വലതുമായി പന്തിനെ ഡ്രിബിൾ ചെയ്ത് എതിർ ബോക്സിനുള്ളിലേക്ക് ആക്രമിച്ച് കയറി പൊടിമീശക്കാരൻ തൊടുക്കുന്ന ഷോട്ടുകൾ കണ്ട് അന്തം വിട്ടുനിൽക്കുകയാണ് യൂറോപ്യൻ ഫുട്ബാളിലെ വമ്പന്മാർ. ഇരു ചെവിയറിയാതെയാണ് ഈ വജ്രായുധത്തെ മെക്സികോ ലോകകപ്പിലേക്കായി കാത്തുവെച്ചത്. ആ രഹസ്യം ലോകമറിഞ്ഞുപോയല്ലോ എന്ന വെപ്രാളമുണ്ട് ക്ലബുകൾക്കെല്ലാം. 17ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറി, സാക്ഷാൽ പെലെയുടെ റെക്കോഡിനൊപ്പം ചരിത്ര പുസ്തകങ്ങളിലേക്ക് എഴുതിച്ചേർത്ത ഗിൽബർടോ മോറയാണ് ട്രാൻസ്ഫർ വാർത്തകളിൽ ഇപ്പോൾ താരം. സ്വന്തം മണ്ണിൽ വിശ്വമേളയെത്തിയപ്പോൾ യുദ്ധമുഖത്തേക്കെന്നപോലെ മെക്സികോ തങ്ങളുടെ ആവനാഴിയിൽ കാത്തുസൂക്ഷിച്ച ദിവ്യായുധമായിരുന്നു ഈ കൗമാരക്കാരൻ. 16ാം വയസ്സിൽ ദേശീയ ടീമിലെത്തി ലോകകപ്പിലേക്കായി രാകിമിനുക്കിയെടുത്തവൻ. ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 26 അംഗ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിച്ചത്. ജൂൺ 11ന് ദഷിണാഫ്രിക്കക്കെതിരായ ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി ചരിത്രം കുറിക്കുകയും ചെയ്തു. 17 വയസ്സും 240 ദിവസവുമായിരുന്നു പ്രായം. ശേഷം, ലോകകപ്പിൽ മെക്സികോയുടെ മൂന്ന് മത്സരങ്ങളിലും സ്ഥിര സാന്നിധ്യമായി ബൂട്ടുകെട്ടി. ഗോളടിക്കുകയോ, അസിസ്റ്റൊരുക്കുകയോ ചെയ്തില്ലെങ്കിലും ലോകകപ്പിനു പിന്നാലെ യൂറോപ്യൻ ക്ലബുകളെല്ലാം ടിജുവാനയുടെ ഈ കൗമാരക്കാരന്റെ പിന്നിലാണ്. കളത്തിലെ സാങ്കേതിക തികവും, പന്തിലെ കൈയടക്കവും മുതൽ കളത്തിൽ പ്രകടിപ്പിക്കുന്ന താളം ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ലോകകപ്പ് സമ്മാനിച്ച ഭാവിതാരമായി വിലയിരുത്തപ്പെട്ട ഗിൽബർടോയെ സ്വന്തമാക്കാനാണ് ഇപ്പോൾ ട്രാൻസ്ഫർ വിപണിയിലെ ചരടുവലികൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളും, ബാഴ്സലോണ ഉൾപ്പെടെ സ്പാനിഷ് ക്ലബുകളും ബോറയിൽ താൽപര്യവുമായി രംഗത്തുവന്നുവെങ്കിലും ജർമൻ ബുണ്ടസ് ലിഗ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് മുൻനിരയിലുള്ളത്. പുതുമുഖ താരങ്ങളെ റാഞ്ചി വളർത്തിയെടുക്കുന്നതിൽ ബൊറൂസിയയുടെ വൈദഗ്ധ്യവും പ്രശസ്തമാണ്. നേരത്തെ 2020ൽ ജൂഡ് ബെല്ലിങ്ഹാമിനെ ആരുമറിയാതെ ടീമിലെത്തിച്ച് യൂറോപ്പിലെ മികച്ച മധ്യനിരക്കാരനാക്കി മാറ്റിയ ബൊറൂസിയയെ എങ്ങനെ മറക്കും. റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും എർലിങ് ഹാലൻഡിനെ കൊണ്ടുവന്ന് രണ്ടുവർഷം കൊണ്ട് ഏറ്റവും അപകടകാരിയായ സ്ട്രൈക്കറാക്കിയതും ഇതേ ബൊറൂസിയ തന്നെ. പ്രീമിയർ ലീഗിൽ നിന്നും ആഴ്സനൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകൾ ആദ്യം താൽപര്യമറിയിച്ചിരുന്നു.
എന്നാൽ, ഓഫറുകൾക്കുമുന്നിൽ ബോറയും മെക്സികോയും മനസ്സു തുറന്നിട്ടില്ല. എന്തായാലും ഈവർഷം ഒക്ടോബർ വരെ താരത്തിന് മെക്സികോ വിട്ടുപോകാനാവില്ല. അന്താരാഷ്ട്ര ട്രാൻസ്ഫറിന് 18 വയസ്സ് തികയണം എന്ന ഫിഫയുടെ നിയന്ത്രണമുള്ളതിനാൽ കാത്തിരിക്കാനാണ് സ്വന്തം ക്ലബായ ടിജുവാന ഏജന്റുമാർക്ക് നൽകുന്ന മറുപടി. എങ്കിലും, 2027 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കവുമായി യൂറോപ്യൻ ചരടുവലി സജീവമാണെന്ന് ഫുട്ബാൾ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡീലുറപ്പിക്കാൻ താമസിക്കുമെങ്കിലും മെക്സികോയിലെ ഏറ്റവും വിലപ്പെട്ട താരമായി മോറോ മാറി. 11.5 ദശലക്ഷം ഡോളറിൽനിന്നും 28.5 ദശലക്ഷം ഡോളർ വിപണിവിലയുയർന്നുവെന്നാണ് റിപ്പോർട്ട്.